കാഞ്ഞങ്ങാട്: പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് 23 ന് നടക്കും. കേരളത്തിലുൾപ്പെടെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ടാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം ഇതിനോടകം തന്നെ ഉച്ചസ്ഥായിയിലെത്തിയിട്ടുണ്ട്.. ഇടതുമുന്നണി സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രൻ മൂന്നു തവണ മണ്ഡലത്തിലുടനീളം സഞ്ചരിച്ചു. പ്രവർത്തകർ വീടുകളിൽ സ്ലിപ്പുകളുമായി എത്തിത്തുടങ്ങി. ലോക്കൽ റാലികൾക്കുപുറമെ ലോക്കൽ പരിധികളിൽ കോർണർ യോഗങ്ങളും ഇടതുമുന്നണി നടത്തുന്നുണ്ട്. കാഞ്ഞങ്ങാട്ട് തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത് പ്രവർത്തകരിൽ വലിയ ആവേശമാണുണ്ടാക്കിയത്.. പ്രചാരണ രംഗത്ത് എൽ.ഡി.എഫിനൊപ്പം എത്താനായില്ലെങ്കിലും മണ്ഡലപര്യടനം പൂർത്തിയാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറും ഒപ്പമുണ്ട്.

രവീശതന്ത്രിക്കു വേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി കാസർകോട്ട് റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് രണ്ടു ദിവസമായി റോഡ് ഷോകളും തെരുവുനാടകങ്ങളുമൊക്കെയാണ്. വ്യാഴാഴ്ച ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും വെള്ളിയാഴ്ച നാടക കലാകാരന്മാരുമാണ് റോഡ് ഷോ നടത്തിയത്. സഹകരണ ജീവനക്കാരുടെ വകയായി തെരുവു നാടകവും അവതരിപ്പിക്കുകയുണ്ടായി. ഇന്നും നാളെയുമായി മൈക്ക് കെട്ടിയുള്ള വോട്ടഭ്യർത്ഥനയായിരിക്കും മുക്കിലും മൂലയിലും. മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം കാഞ്ഞങ്ങാട്ടാണ്.