വളപട്ടണം (കണ്ണൂർ): എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഴീക്കോട് നീർക്കടവിലെ 41 കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന ഇയാൾ മദ്യപിച്ചെത്തി ഇവരെ ഉപദ്രവിക്കുന്നത് പതിവാണ്.
പന്ത്രണ്ടുകാരനായ മകന്റെ കൈ തിരിച്ച് പൊട്ടിക്കുകയും എട്ട് വയസുകാരിയെ നിലത്തടിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികൾ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ കുട്ടികളെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുമായിരുന്നെന്നും അയൽവാസികൾ പറഞ്ഞു. പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.