election-2019

പയ്യന്നൂർ (കണ്ണൂർ): ദൈവത്തെ വിളിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നിയമ ലംഘനം നടത്തിയവർക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊല നടത്തിയവർക്കുപോലും നെഞ്ചുവിരിച്ചു നടക്കാം. പക്ഷെ അത് ഇവിടെ നടപ്പില്ല. ഇത് കേരളമാണ്. പാരമ്പര്യവും വിശ്വാസവും പറയുന്നവരാണ് ഇതര വിശ്വാസങ്ങളെ ഹനിക്കുകയും മതേതര പാരമ്പര്യം തകർക്കുകയും ചെയ്യുന്നത്. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണ്. അതുകൊണ്ട് വിശ്വാസസംരക്ഷണം എൽ.ഡി.എഫിന്റെ ബാദ്ധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിയാത്തതിന്റെ ദേഷ്യം സംസ്ഥാനത്തിനോട് പലവിധത്തിലാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. പ്രളയ ദുരിതത്തിൽ സഹായം അഭ്യർത്ഥിച്ച് സമീപിച്ചപ്പോൾ ഈ വിദ്വേഷം മനസ്സിൽ വച്ച് സാഡിസ്റ്റ് മനോഭാവമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഡാമുകൾ തുറന്നു വിട്ടതുകൊണ്ടല്ല പ്രളയം ഉണ്ടായതെന്ന് ഐക്യരാഷ്ട്രസഭ നിശ്ചയിച്ച വിദഗ്ദ്ധർ ഉൾപ്പെടെ പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ കേന്ദ്രം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്.