പാലക്കുന്ന്: ഇക്കഴിഞ്ഞ എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തിരുവക്കോളി ഗവ എൽ.പി.സ്‌കൂളിന് മികച്ച വിജയം. നാലാം ക്ലാസിൽ പരീക്ഷയെഴുതിയ ഒൻപത് വിദ്യാർത്ഥികളിൽ ആറു പേരും ജയിച്ച് സ്‌കൂളിനെ ബേക്കൽ വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാമതാക്കി. എൽ.പി.തലത്തിൽ സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളിൽ ഉപജില്ലയിൽ ഉയർന്ന മാർക്ക് (68) നേടിയത് സ്‌കൂളിലെ അഭിനവ് കൃഷ്ണയാണ്. മിഥുൻ മാധവ്, വിഷ്ണു, ഹംറാസ്, ഐശ്വര്യ, അക്ഷയ് എന്നിവരാണ് വിജയികളായ മറ്റു കുട്ടികൾ.

കുട്ടികൾ കുറവായതിന്റെ പേരിൽ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങിയ സ്‌കൂളായിരുന്നു തിരുവക്കോളി എൽ.പി. നാട്ടുകാരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ സംരക്ഷണ സമിതിയുണ്ടാക്കി പ്രവർത്തിച്ചുവരികയായിരുന്നു.
പ്രീ പ്രൈമറി അടക്കം 124 കുട്ടികൾക്ക് ഇവിടെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചു വരുന്നു. പാഠ്യവിഷയങ്ങളെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും അദ്ധ്യാപകർ മികവുറ്റ പരിശീലനം നൽകി വരുന്നുണ്ട്.

ജർമൻ സ്വദേശികളുടെ എ.ടി.എം

കാർഡും പണവും കവർ‌ന്നു

കാസർകോട്: ഓമ്നിയിൽ ഉറങ്ങിക്കിടന്ന മൂന്ന് ജർമൻ സ്വദേശികളുടെ എ.ടി.എം കാർഡും പണവും കൊള്ളയടിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. ഗോവയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ജർമൻ സ്വദേശികളാണ് കവർച്ചയ്ക്ക് ഇരയായത്.

കവർച്ചയ്ക്ക് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ആക്ടിവ സ്‌ക്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജർമൻ സ്വദേശികളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

മതിൽ തകർത്തു

നീലേശ്വരം: കടിഞ്ഞിമൂലയിലെ പി.പി. ആയിഷയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മതിൽ സാമൂഹികദ്രോഹികൾ തകർത്തു. സമീപത്തെ റിട്ട. ബാങ്ക് ജീവനക്കാരൻ കുഞ്ഞിക്കണ്ണന്റെ സ്ഥലത്തിന്റെ മതിലും തകർത്തിട്ടുണ്ട്. അയിഷയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരിക്കാവ് മഹക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര.

രാഹുൽ മത്സരിക്കുന്നത് പ്രതിപക്ഷ

നേതാവാകാൻ: രഞ്ജിത്ത്
തൃക്കരിപ്പൂർ: ഇന്ത്യയിലെ എല്ലാ പ്രതിപക്ഷപാർട്ടികളും രാഹുൽ ഗാന്ധിയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പ്രതിപക്ഷ നേതൃ സ്ഥാനത്തിനു വേണ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന സെൽ കോഡിനേറ്റർ കെ. രഞ്ജിത്ത് പറഞ്ഞു. കാസർകോട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻ.ഡി.എ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
എ.വി.സുധാകരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം ടി. കുഞ്ഞിരാമൻ, ടി.വി.ഷിബിൻ, എം.ഭാസ്‌ക്കരൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, ഇ. രാമചന്ദ്രൻ, എ. രാജിവൻ എന്നിവർ സംസാരിച്ചു.

പടം : കാസർകോട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻ.ഡി.എ തൃക്കരിപ്പൂർ പഞ്ചായത്ത് സംഘടിപ്പിച്ച യോഗം ബി.ജെ.പി സംസ്ഥാന സെൽ കോഡിനേറ്റർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടുകാവ് വിഷു വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ പാലോട്ട് ദൈവം, കൂടെയുള്ളോർ