കാഞ്ഞങ്ങാട്: റോഡ് നവീകരണത്തിലെ പാളിച്ചയും അശാസ്ത്രീയതയും കാരണം കാലിച്ചാനടുക്കം അപകടമേഖലയാകുന്നു. കഴിഞ്ഞദിവസം കാലിച്ചാനടുക്കം സ്‌കൂളിന് മുന്നിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് ടൗണിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേൽക്കുകയുണ്ടായി. ദിവസങ്ങൾക്ക് മുമ്പ് ശാസ്താംപാറ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനും അപകടത്തിൽപെട്ടിരുന്നു.
അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റോഡിന്റെ അപാകതയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മയും നിലവിൽവന്നു.നവീകരണത്തിന്റെ ഭാഗമായി ടൗണിൽ കലുങ്ക് നിർമിച്ചും ബസ് സ്റ്റാൻഡിന് സമീപം മണ്ണിട്ടും റോഡിന്റെ ഉയരം കൂട്ടിയും ആദ്യ പാളി മെക്കാഡം ടാറിടൽ പൂർത്തിയാവുകയും ചെയ്തു. ഇതോടെ ബസുകളടക്കം കടന്നു പോകുന്ന ഇട റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് കയറ്റവും കൂടി. പ്രധാന റോഡിലൂടെ വാഹനങ്ങൾ വേഗത്തിൽ കടന്നു പോകാൻ തുടങ്ങിയതോടെ തായന്നൂർ, മയ്യങ്ങാനം എന്നിവിടങ്ങളിലെ ഇടറോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ഏതു നിമിഷവും വലിയ അപകടമുണ്ടാകുന്ന സാഹചര്യമാണുള്ളത്. ഉൾറോഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേഗനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും റോഡ് നവീകരണത്തോടെ തായന്നൂർ, മയ്യങ്ങാനം റോഡുകളുടെ കയറ്റം കൂടിയത് കുറയ്ക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ.
ബസ് കാത്തിരിപ്പുകേന്ദ്രം ഇങ്ങനെ
കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിന് സമീപം കയറ്റം കുറയ്ക്കാൻ മണ്ണെടുത്തതോടെ ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം മൺതിട്ടയുടെ മുകളിലാണിപ്പോൾ. ഇതുപൊളിച്ചു മാറ്റാനും അധികൃതർ നടപടിയെടുത്തിട്ടില്ല. ശാസ്താംപാറയിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ കാലിച്ചാനടുക്കം ഭാഗത്ത് നിന്നും വാഹനങ്ങൾ വരുന്നത് കാണാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.