election-2019

കണ്ണൂർ: മാനവികതയും ധാർമ്മിക മൂല്യങ്ങളും തകർക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി തുടരുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി കണ്ണൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറ‌ഞ്ഞത്. എന്നാൽ കേരളത്തിന്റെ സംസ്‌കാരത്തിനും ധാർമികമൂല്യങ്ങൾക്കും വിരുദ്ധമായി, മാനവികതയെ തകർക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ഇന്ത്യ പുതിയ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തിലും മികച്ച ഇടപെടലാണ് കേരളത്തിലെ ജനങ്ങൾ നടത്തിയത്. അഞ്ചുവർഷക്കാലത്തെ മോദിയുടെ ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത ഇല്ലാതായി. മോദിക്ക് ബദൽ ഈ രാജ്യത്തെ ജനങ്ങൾ തന്നെയാണ്. മോദിയും ജനങ്ങളും തമ്മിലുള്ള മത്സരമാണിത്. ഇന്ത്യയിൽ അഴിമതിരഹിത സർക്കാരാണെന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ റാഫേൽ ഇടപാടിൽ അഴിമതി നടത്തിയതിന്റെ പുതിയ തെളിവുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇലക്ടറൽ ബോണ്ടിലൂടെ അഴിമതിപ്പണമാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്. കടപ്പത്രത്തിന് രഹസ്യസ്വഭാവം വേണമെന്ന നിലപാട് കൈക്കൊണ്ടതിലൂടെ അഴിമതിയെ നിയമപരമായി സംരക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു..

2004ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പക്വത കാണിച്ചു. അന്ന് 20 സീറ്റിൽ 18ലും എൽ.ഡി.എഫ് വിജയിച്ചു. അതിനേക്കാളേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റിലും ഇടതുപക്ഷമുന്നണി സ്ഥാനാർഥികൾ വിജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളതെന്നും യെച്ചൂരി പറഞ്ഞു.