priyanka

മട്ടന്നൂർ : രാഹുൽ ഗാന്ധിയെ നേരിട്ട് കാണാൻ കഴിയാത്ത സങ്കടം ഇന്നലെ രണ്ടാം ക്ലാസുകാരനായ നഥാൻ ജോയ്സ് മായ്ച്ചു കളഞ്ഞു. രാഹുലിന് പകരം സഹോദരി പ്രിയങ്കാ ഗാന്ധിയാണ് കുഞ്ഞ് നഥാനെ കാണാനെത്തിയത്. നഥാൻ ജോയ്‌സിന്റെ ആഗ്രഹം സഫലീകരിക്കുന്നതിന് രാഹുലാണ് പ്രത്യേക താത്പര്യമെടുത്ത് പ്രിയങ്കയെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയത്. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയോട് നഥാനെക്കുറിച്ച് അന്വേഷിക്കുകയും പ്രിയങ്കയെ കാണാനുള്ള ക്രമീകരണം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ വി.ഐ.പി ലോഞ്ചിലാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് പ്രിയങ്ക നഥാനെ കണ്ടത്. തുടർന്ന് അഞ്ച് മിനിറ്റോളം നഥാനുമായി കുശലാന്വേഷണം നടത്തി. രാഹുൽ ഒപ്പിട്ട ഫോട്ടോയും നൽകി. അച്ഛൻ സന്തോഷ് കാവിലും അമ്മ സ്മിതയും ജ്യേഷ്ഠൻ ജൊനാഥനുമൊപ്പമാണ് നഥാനെത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്.

നേരത്തെ രാഹുലിനെ കാണാൻ നഥാൻ കണ്ണൂരിലെത്തിയെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധകനെ കുറിച്ചറിഞ്ഞ രാഹുൽ നഥാനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നഥാൻ ജോയ്‌സ് രാഹുൽഗാന്ധിയുടെ കടുത്ത ആരാധകനാണ്.
അടുത്ത തവണ രാഹുൽ വരുമ്പോൾ കാണുമെന്ന് പറഞ്ഞാണ് പ്രിയങ്ക മടങ്ങിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരനായി പരിയാരം പഞ്ചായത്തിലെ വിവിധ കോർണർ മീറ്റിംഗുകളിൽ നഥാൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.