തലശ്ശേരി: വിഷുവിന് അടച്ചിട്ട ഹോട്ടലുകളിൽ പലതും എട്ടാം നാളിലും തുറക്കാത്തതോടെ നഗരത്തിലെത്തിയവർ ഉച്ചഭക്ഷണത്തിന് നെട്ടോട്ടം ഓടുന്നു. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെയും ജനറൽ ആശുപത്രിക്ക് അടുത്തുമുള്ള വലിയ ഹോട്ടലുകളാണ് ഞായർ മുതൽ അടഞ്ഞുകിടക്കുന്നത്. അറ്രകുറ്റപ്പണി കാരണം 22 മുതലേ ഇവ തുറക്കാനിടയുള്ളൂ. ഇതിന്റെ അറിയിപ്പ് കടലാസിൽ എഴുതി വച്ചിട്ടുണ്ട്. എന്നാൽ വോട്ടിംഗും കഴിഞ്ഞേ ഇവ തുറക്കൂയെന്നാണ് സൂചന. വോട്ട് രേഖപ്പെടുത്തി തൊഴിലാളികൾ തിരികെയെത്താൻ വൈകിയേക്കാമെന്ന് ഹോട്ടലുടമകൾ വെളിപ്പെടുത്തി. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ തിരക്ക് കാരണം ഊൺ നേരത്തെ തീരുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയും അലട്ടുന്നുണ്ട്.