ചെറുവത്തൂർ: ''ആദ്യ വോട്ട് രേഖപ്പെടുത്തിയത് കൈ പൊക്കിയായിരുന്നു. നികുതി അടച്ച റസീറ്റായിരുന്നു തിരിച്ചറിയൽ കാർഡ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വോട്ട്. അന്ന് ബാലറ്റ് പേപ്പറോ ചിഹ്നമോ ഇല്ല.
എല്ലാരേയും വരിവരിയായി നിർത്തിക്കും. ഇഷ്ടമുള്ള സ്ഥാനാർഥിയുടെ പേര് പറയുമ്പോൾ കൈ പൊക്കണം''...തൊണ്ണൂറു പിന്നിട്ട അമ്പുവേട്ടൻ ആദ്യ തിരഞ്ഞെടുപ്പ് ഓർമ്മകൾ പറഞ്ഞു തുടങ്ങിയപ്പോൾ പുതു തലമുറയ്ക്ക് കൗതുകം.

കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം വയോജന വേദിയുടെയും സ്‌പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'വോട്ടോർമ്മ' യിലാണ് പഴയകാല തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾ നിറഞ്ഞത്. പ്രചരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഓർമ്മകൾ പങ്കുവെച്ചത്. നികുതി രസീത് കൊണ്ടുപോയാൽ മാത്രം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്ന കാലം, ബാലറ്റ് പെട്ടിയിൽ നിറങ്ങൾ നോക്കി വോട്ടുരേഖപ്പെടുത്തിയത്, പിന്നീട് ചിഹ്നം പതിച്ച ബാലറ്റ് പെട്ടി എത്തിയത് എന്നിവയെല്ലാം എം.വി കോമൻ നമ്പ്യാർ പറഞ്ഞപ്പോൾ സദസിലുള്ളവരും അനുഭവങ്ങൾ ചേർത്തുവെച്ചു.

പ്രചരണ വിശേഷങ്ങളാണ് ഏറെ ആവേശം നിറച്ചത്. രാത്രി സമയങ്ങളിൽ നടക്കുന്ന ചെറിയ ജാഥകൾ, കുന്നിൽ മുകളിൽ കയറി മൈക്രോഫോണും, നിലവിളക്കിന്റെ അടിഭാഗവും ഉപയോഗിച്ചുള്ള വിളിച്ചു പറയൽ എല്ലാം തിരഞ്ഞെടുപ്പിന്റെ നല്ല ഓർമ്മകളായി പങ്കുവയ്ക്കപ്പെട്ടു.

കയ്യാലകളിലെ ചുമരെഴുത്തായിരുന്നു അന്നത്തെ മറ്റൊരു പ്രചരണ രീതി. മണ്ണുകൊണ്ടുള്ള കയ്യാലയിൽ ചാണകമെഴുകും പെയിന്റ് ഒന്നും സുലഭമല്ലാത്ത കാലത്ത് കിണർ കുഴിക്കുമ്പോൾ ലഭിക്കുന്ന ചേടിയാണ് എഴുത്തിനായി ഉപയോഗിച്ചിരുന്നത്. ഏറ്റവും ഉയരമുള്ള മരത്തിൽ കൊടി കെട്ടുന്നതും, തിരഞ്ഞെടുപ്പ് ഫലമറിയാൻ റേഡിയോ ഉള്ള പ്രദേശത്തെ വീടുകളിൽ ആളുകൾ തടിച്ചു കൂടുന്നതുമെല്ലാം അത്ഭുതത്തോടെയാണ് പുതിയ തലമുറ കേട്ടത്.

പ്രചരണത്തിന് ആദ്യമായി രാഷ്ട്രീയപൂരക്കളി അരങ്ങേറിയത് കൊടക്കാട് ഗ്രാമത്തിലായിരുന്നു. അന്ന് വരികളെഴുതിയ കൊടക്കാട് രാഘവൻ വരികൾ ഓർത്തെടുത്ത് പാടി. അബ്ദുൾ ഖാദർ, കെ. ഗോപാലൻ, പി.കെ ലക്ഷ്മി, സി.വി നാരായണൻ, കെ.കൃഷ്ണൻ തുടങ്ങിയവരും ഓർമ്മകൾ പങ്കുവെച്ചു.
വിനയൻ പിലിക്കോട് മോഡറേറ്ററായിരുന്നു. കെ. നാരായണൻ സംസാരിച്ചു. തുടർന്ന് കരിവെള്ളൂർ മണക്കാട് രക്തസാക്ഷി സ്മാരക വായനശാല പ്രവർത്തകർ അവതരിപ്പിച്ച രാജാവ് നഗ്നനാണ് തെരുവ് നാടകവും അരങ്ങേറി. എം. മഹേഷ് കുമാർ, ചന്ദ്രഭാനു, നവീൻ, ഒ. മുരളി എന്നിവർ നേതൃത്വം നൽകി.

കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന വോട്ടോർമ്മയിൽ നിന്ന്