ശ്രീകണ്ഠപുരം: 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏരുവേശ്ശിയിലെ കള്ളവോട്ട് കേസിൽ മേയ് 10ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 2014 ഏപ്രിൽ 10ന് നടന്ന തിരഞ്ഞെടുപ്പിൽ ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു. പി. സ്‌കൂളിലെ അന്നത്തെ 109ാം ബൂത്തിൽ (ഇന്നത്തെ 118ാം നമ്പർ ബൂത്ത്) കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കുടിയാൻമല പൊലീസിലാണ് ആദ്യം പരാതി നൽകിയത്. 154 പേരുടെ കള്ളവോട്ട് ഈ ബൂത്തിൽ ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ കേസെടുക്കാൻ കുടിയാൻമല പൊലീസ് തയാറായില്ല. തുടർന്ന് ജോസഫ് തളിപ്പറമ്പ് കോടതിയിൽ പരാതി നൽകി. കള്ളവോട്ട് ചെയ്തതിന് തെളിവില്ലെന്ന് പൊലീസ് കോടതിക്ക് റപ്പോർട്ട് നൽകി. ഇതോടെ എസ്.ഐയെ അടക്കം പ്രതചേർക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി.
ഈ ഹർജിയിൽ 2016 ഫെബ്രുവരിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കമാൽപാഷ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. ഈ രേഖ ഹാജരാക്കിയപ്പോൾ പട്ടാളത്തിൽ ജോലി ചെയ്യുന്ന നാലുപേരുടെയും ഗൾഫിൽ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പെടെ 58 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തുകയായിരുന്നു തുടർന്ന് അന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ പ്രതി ചേർത്ത് കേസെടുത്തു. ബി.എൽ.ഒ ഏരുവേശി മുയിപ്രയിലെ കെ.വി. അശോക് കുമാർ, പെരളശ്ശേരി മക്രേരിയിലെ വി.കെ. സജീവൻ, പാനുണ്ട എരുവാട്ടിയിലെ കെ.വി. സന്തോഷ് കുമാർ, ധർമ്മടം സ്വദേശി എ.സി. സുധീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഈ കേസിൽ 2017 ജൂൺ 28ന് കുടിയാൻമല പൊലീസ് തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രമാണ് മേയ് 10ന് തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതികളെ വായിച്ചുകേൾപ്പിക്കുക. അന്ന് കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും കള്ളവോട്ട് ചെയ്തവരെ പ്രതികളാക്കിയിരുന്നില്ല.