ഇരിട്ടി: പ്രശ്‌നബാധിത മേഖലകളിൽ വിന്യസിക്കുന്നതിനായി കേന്ദ്രസേനയുടെ ഒരു ബറ്റാലിയൻ ഇന്നലെ ഇരിട്ടിയിൽ എത്തി. തമിഴ്നാട്ടിൽ നിന്ന് 87 പേർ അടങ്ങുന്ന ഒരു കമ്പനി സി. ആർ. പി എഫ് ആണ് എത്തിച്ചേർന്നത്. ഇവർ വൈകുന്നേരം റൂട്ട് മാർച്ചും നടത്തി. കീഴൂരിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് ഇരിട്ടി ടൗൺ വഴി പൊലീസ് സ്റ്റേഷൻ പരിസരത്ത് അവസാനിച്ചു. രണ്ട് കമ്പനി കേന്ദ്ര സേനകൂടി ഇന്ന് എത്തിച്ചേരും.
മാവോവാദി ഭീഷണി നിലനിൽക്കുന്ന മുപ്പതോളം ബൂത്തുകളാണ് ഇരിട്ടി പൊലീസ് സബ്ഡിവിഷൻ പരിധിയിലുള്ളത്. ഇവയെല്ലാം വനമേഖലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളാണ്. നേരത്തെ തന്നെ മാവോവാദി ഭീഷണി നേരിട്ടിരുന്ന ഇത്തരം പോളിംഗ് ബൂത്തുകളെ അതീവ പ്രശ്‌ന ബാധിത ബൂത്തുകളായിക്കണ്ട് കേന്ദ്രസേനയോടൊപ്പം മാവോവാദി വിരുദ്ധ സേനയിൽ പെട്ട തണ്ടർബോൾട്ടിനെയും ഇവിടങ്ങളിൽ വിന്യസിക്കും.
ഇരിട്ടി മേഖലയിൽ ആറളം, ഉളിക്കൽ, പേരാവൂർ മേഖലയിൽ പേരാവൂർ, കേളകം, കണ്ണവം പോലിസ് സ്റ്റേഷൻ പരിധികളിലെ മുപ്പതോളം പോളിംഗ് ബൂത്തുകളാണ് അതീവ ജാഗ്രത പുലർത്തേണ്ട പ്രശ്‌ന ബാധിത ബൂത്തുകളായി കണക്കാക്കുന്നത്. അതേസമയം പേരാവൂരിൽ ശനിയാഴ്ച മാവോവാദികളുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട് . സഖാവ് ജലീലിന്റെ കൊലപാതകികൾക്കു മാപ്പില്ല, , ജനകീയ യുദ്ധ പാതയിൽ അണിനിരക്കുക, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. പേരാവൂർ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

(പടം കേന്ദ്രസേന ഇരിട്ടിയിൽ നടത്തിയ റൂട്ട് മാർച്ച് )