കണ്ണൂർ:ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് പ്രധാനമന്ത്രി ആകണമെന്നില്ലെന്നും വി.പി സിംഗ് അടക്കമുള്ളവർ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന മതനിരപേക്ഷ കക്ഷികൾ യോജിച്ച് ഇക്കാര്യം തീരുമാനിക്കണമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ബി.ജെ.പി ഇനി അധികാരത്തിൽ വരരുത്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സർക്കാർ വരണം. ബി.ജെ.പി പണം ഉപയോഗിച്ച ആളുകളെ വശത്താക്കുന്നു. അതിൽ വീഴാത്തവരെ വേണം പാർലമെന്റിലേക്ക് അയയ്‌ക്കാൻ. ബി.ജെ.പി സർക്കാരിന് തുടർച്ചയുണ്ടാകരുത്.
പ്രചാരണത്തിൽ കോൺഗ്രസും ബി.ജെ.പിയും സർക്കാരിനെ അപമാനിക്കുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പ്രളയത്തെ പറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. ജനകീയ ബദൽ നയങ്ങൾ രൂപപ്പെടുത്താനും അർഹതപ്പെട്ട വിഭവങ്ങൾ ലഭിക്കാനും ഇടതുപക്ഷ അംഗങ്ങൾ പാർലമെൻറിൽ ഉണ്ടാകണം. ചെറുപ്പക്കാരും പുതിയ വോട്ടർമാരും ഉൾപ്പെടെ എല്ലാവരും അതിനായി വോട്ട് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് - ബി.ജെ.പി ഭായ് ഭായ്
ബി.ജെ.പിയുടെ വോട്ട് കച്ചവടവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ചിലയിടങ്ങളിൽ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം സഹായിക്കുന്നുണ്ട്. നേതാക്കളും സഹായം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരവമായി കാണണം. കോ-ലീ- ബീ സഖ്യം കേരളം മറക്കില്ല...വീണ്ടും പിണറായിയുടെ മുഖത്ത് ചിരി.
വർഗീയലഹള പോലെ ചിലരുടെ റോഡ് ഷോ
ഉത്തരേന്ത്യയിൽ വർഗീയലഹള നടത്തിപ്പോയ ചില റോഡ് ഷോകളെപോലെ കേരളത്തിൽ റോഡ് ഷോ നടത്താൻ ചിലർ ശ്രമിക്കുന്നു. ഉത്തരേന്ത്യയിൽ വർഗീയലഹള നടന്ന സാഹചര്യം കേരളത്തിലും ആവർത്തിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണത്. പ്രചാരണത്തിൽ വർഗീയത പ്രചരിപ്പിക്കാൻ ശ്രമങ്ങളുണ്ടായി. മതനിരപേക്ഷതയും ഭരണഘടനയും തകർക്കാൻ ആർ.എസ്.എസ് ശ്രമിച്ചു. സാക്ഷി മഹാരാജ് പറഞ്ഞതു പോലെയാണെങ്കിൽ, ബി.ജെ.പി അധികാരത്തിൽ വന്നാൽ മോദി പ്രധാനമന്ത്രി ആയാൽ ഇത് അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കും. അതിനുവേണ്ടി ആർ.എസ്.എസിന്റെ ആസൂത്രണം നടക്കുന്നു.
എട്ടിനും മേലേ പൊട്ടിച്ചിരി
പതിവുപോലെ കലാശക്കൊട്ട് ദിവസം പിണറായി സ്വന്തം നാടായ കണ്ണൂരിലുണ്ട്. മുഖാമുഖത്തിൽ ചിരിയും പൊട്ടിച്ചിരിയും അക്ഷോഭ്യമായ മറുപടികളും... ഇടതുമുന്നണിയുടെ പ്രചാരണ താരമായി സഞ്ചരിച്ച് നേടിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയും മുഖത്തുണ്ട്.
ഇടതുമുന്നണിക്ക് എട്ട് സീറ്റാണല്ലോ പുതിയ സർവ്വേ പ്രവചനം എന്ന ചോദ്യത്തിന്
അതുക്കും മേലേ എന്നു പറഞ്ഞ് പിണറായി പൊട്ടിച്ചിരിച്ചു. മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും ബി.ജെ.പിയും ആർ.എസ്.എസും ഭയപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്നുണ്ട്. ആ വെളിച്ചത്തിൽ വേണം സർവ്വേ റിപ്പോർട്ടുകളെ കാണേണ്ടത്.
മണ്ഡലങ്ങളിലേക്ക് നോക്കിയാൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് എന്നു മനസിലാകും. ബി.ജെ.പി സാന്നിദ്ധ്യം ഉറപ്പിക്കാൻ നോക്കുന്നുണ്ട്- അർത്ഥഗർഭമായ മറുപടി.
മാദ്ധ്യമങ്ങൾക്കും പിണറായി ഒരു കൊട്ടു കൊടുത്തു. ചോദ്യങ്ങൾക്ക് ഞാൻ തന്നെ മറുപടി പറയണ്ടേ. പറഞ്ഞില്ളെങ്കിൽ നിങ്ങൾ എഴുതില്ലേ, ഞാൻ മറുപടി പറഞ്ഞില്ലെന്ന്.
മുഖാമുഖം കഴിഞ്ഞിറങ്ങുമ്പോഴും പിണറായിയുടെ ചിരി മാഞ്ഞിരുന്നില്ല.