res

കാസർകോട്: അവധിക്കാലം ചെലവഴിച്ച ശേഷം ജന്മനാട്ടിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിലുണ്ടായ അപ്രതീക്ഷിത മാറ്റമാണ് കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീനയുടെ ജീവനെടുത്തത്. ഭർത്താവ് ഖാദർ കുക്കാറിനെ ഗൾഫിലേക്ക് യാത്രയാക്കിയ ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ റസീന നടന്നുകയറിയത് ബോംബ് സ്‌ഫോടനങ്ങൾക്കിടയിലേക്കായിരുന്നു. രാവിലെ ഒമ്പതിന് റസീനയെ കൊളംബോയിലാക്കി പോയ മംഗളൂരു സ്വദേശി ഖാദർ കുക്കാർ ദുബായിലെത്തുന്നതുവരെ പ്രിയതമയുടെ മരണ വിവരം അറിഞ്ഞിരുന്നില്ല. ഹോട്ടലിന് താഴത്തെ റസ്റ്റോറന്റിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു സ്‌ഫോടനം. ശ്രീലങ്കയിലെ വൗവ്നിയിലാണ് റസീന ജനിച്ചു വളർന്നത്. ഇവിടെ മജിസ്ട്രേട്ടിന്റെ പദവിക്ക് തുല്യമായ ജസ്റ്റിസ് ഒഫ് പീസ് പദവി വഹിച്ചിരുന്ന പി.എസ്. അബ്ദുല്ലയുടെ മകളാണ്. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ പിതാവ് 2013 ഡിസംബറിലും മാതാവ് സക്കീനബി ഷംനാട് 2014 ലും മരിച്ചു. വൗവ്നിയയിൽ ബിസിനസുകാരനായ ജ്യേഷ്ഠൻ പി.എസ്. ബഷീറിനും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാനാണ് ദുബായിലായിരുന്ന റസീനയും ഭർത്താവ് ഖാദർ കുക്കാറും കൊളംബോയിലെത്തിയത്.

കാസർകോടും മൊഗ്രാൽ പുത്തൂരുമുള്ള കുടുംബാംഗങ്ങളെ കണ്ട് പോകുന്നതിനാണ് റസീനയുടെ യാത്രയിൽ മാറ്റം വരുത്തിയത്. ഷാൻഗ്രില പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധു എത്തിയപ്പോഴാണ് സ്‌ഫോടന വിവരം അറിഞ്ഞത്. സ്‌ഫോടനം നടന്ന ഹോട്ടലിലെ റെസ്റ്റോറന്റിൽ റസീന പ്രഭാത ഭക്ഷണം കഴിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിൽ റസീനയെ റൂമിലും ഹോട്ടലിലും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കൊണ്ടുപോയ ആശുപത്രിയിലേക്ക് പോയെങ്കിലും ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് മരണവിവരം സ്ഥിരീകരിച്ചത്.