കാസർകോട്: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിക്ക് കാരണമായി. ഇന്നലെ രാവിലെ 10 മണിയോടെ മേൽപ്പറമ്പിലാണ് സംഭവം. തിരുവനന്തപുരത്തുനിന്നും ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന എ.സി. സ്ലീപ്പർ ടൂറിസ്റ്റ് ബസിൽ നിന്നാണ് പുക ഉയർന്നത്. പരിഭ്രാന്തരായ യാത്രക്കാർ ഇതോടെ ബഹളം വെച്ചു. ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയിട്ടു. പൊലീസും ഫയർഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ തൊട്ടടുത്ത മൊയ്തുവിന്റെ വീട്ടിൽ പാർപ്പിച്ചു. പിന്നീട് മറ്റൊരു ടൂറിസ്റ്റ് ബസ് വരുത്തിയാണ് യാത്ര പുനരാരംഭിച്ചത്. ഡ്രൈവർമാരായ പ്രവീണിന്റെയും അനൂപിന്റെയും അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.


നിധിൻ രാജിനെ അനുമോദിച്ചു
എളമ്പച്ചി: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ രാവണേശ്വരം സ്വദേശിയായ പി. നിധിൻ രാജിനെ വചസ്സ് വിജ്ഞാനകേന്ദ്രം സൗത്ത് തൃക്കരിപ്പൂർ അനുമോദിച്ചു. കാസർകോട് ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡന്റ് ടി.വി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉദിനൂർ ബാലഗോപാലൻ ഉപഹാരസമർപ്പണം നടത്തി. വചസ്സ് വിജ്ഞാനകേന്ദ്രം പ്രിൻസിപ്പൽ വി. തമ്പാൻ അധ്യക്ഷത വഹിച്ചു. പി.പി വരദ സ്വാഗതവും അമേയ ഹരിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് നിധിൻ രാജിന്റെ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസും നടന്നു.