തളിപ്പറമ്പ: ബക്കളം സ്വദേശിയായ വൃദ്ധൻ തളിപ്പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മോഷ്ടാവ് അറസ്റ്റിൽ. ചപ്പാരപ്പടവ് സ്വദേശിയും നടുവിലിൽ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദിനെയാണ് തളിപ്പറമ്പ് സി.ഐ എ. അനിൽകുമാർ അറസ്റ്റ് ചെയ്തത്. മരിച്ചയാളിൽ നിന്നും മോഷ്ടിച്ച് കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റ മോതിരവും കണ്ടെടുത്തു. ഈ മാസം 16നാണ് ബക്കളം കാനൂൽ സ്വദേശി ചന്ദ്രനെ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെ കീശയിലുണ്ടായിരുന്ന 1000 രൂപയും കൈയിൽ ധരിച്ച ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്യപ്പെട്ടതാണ് സംശയത്തിന് കാരണം. നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ചൊക്രാന്റകത്ത് മുഹമ്മദിന്റെ കൈയിലാണ് മൊബൈലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം മുതൽ ഇയാൾ ഒളിവിലാണെന്ന വിവരവും പൊലീസിന് ലഭിച്ചു.
വിഷുദിനത്തിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ചന്ദ്രൻ. അന്ന് രാത്രി 10 മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ തളർന്നവശനായ ഇദ്ദേഹത്തെ പ്രതി കണ്ടു. വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഓട്ടോറിക്ഷ വിളിച്ച് പ്ലാത്തോട്ടത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. രണ്ട് മതിലുകൾക്കിടയിൽ ഇരുത്തി സാധനങ്ങൾ മുഴുവൻ കവർന്ന ശേഷം അവശനായ ചന്ദ്രനെ അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് ചന്ദ്രൻ മരിച്ചത്.

തുടർന്ന് ഞായറാഴ്ച്ച ഉച്ചയോടെയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പിൽ നിന്നും പ്രതിയെ പിടികൂടിയത്. അഡീഷണൽ എസ്‌.ഐ പി. വിജയൻ, സീനിയർ സി.പി.ഒ എ.ജി അബ്ദുൾ റൗഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയുടെ പേരിൽ കവർച്ചക്കും നരഹത്യക്കും തളിപ്പറമ്പ് പൊലീസ് കേസെടുത്തു.