കാസർകോട്, തൃക്കരിപ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കൊട്ടിക്കലാശത്തിനിടെ കാസർകോട് മണ്ഡലത്തിൽ പലയിടങ്ങളിലും സംഘർഷമുണ്ടായി. കാസർകോട്, ഉദുമ, പടന്ന എന്നിവിടങ്ങളിലാണ് സംഘർഷം ശക്തമായത്. കലാശക്കൊട്ടിന് അര മണിക്കൂർ മാത്രം ബാക്കിയിരിക്കെ കറന്തക്കാട് ഭാഗത്തുണ്ടായിരുന്ന എൻ.ഡി.എ പ്രവർത്തകർ എൽ.ഡി എഫ് പ്രവർത്തകർ കേന്ദ്രീകരിച്ചിരുന്ന പുതിയ ബസ് സ്റ്റാൻഡ് സമീപത്തേക്ക് ഇരച്ചു കയറിയതോടെയാണ് നഗരത്തിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടയിൽ ബൈക്കുകളും എൽ.ഡി.എഫ് പ്രചാരണ വാഹനവും തകർക്കപ്പെട്ടു. മുതിർന്ന സി.പി.എം നേതാക്കളും എ.എസ്.പി ഡി. ശില്പ, സി.ഐ പ്രദീപൻ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് നേരെ കൊടികെട്ടിയ വടിയെറിഞ്ഞ് എൽ.ഡി.എഫ് പ്രവർത്തകർ അക്രമത്തിനു ശ്രമിച്ചതായി പരാതിയുണ്ട്.
ഉദുമ പള്ളത്ത് ധാരണകൾ ലംഘിച്ചു കൊട്ടിക്കലാശം നടത്തിയ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് പള്ളത്ത് സി.പി.എം പ്രവർത്തകർ യു.ഡി.എഫ് പ്രകടനത്തിൽ കയറിയതാണ് കുഴപ്പമായതെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഘർഷത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ബി.എം ഷെരീഫ്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി എന്നിവർക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

പടന്നയിൽ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായപ്പോൾ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. ഇത് കലാശക്കൊട്ട് കാണാനെത്തിയ മൂന്നു സ്ത്രീകൾക്ക് ശ്വാസതടസ്സത്തിന് ഇടയാക്കി. ബി.എസ് ആസിയുമ (56) സൗദ(30) ഷാസിയ (22) എന്നിവർക്കാണ് ശ്വാസതടസ്സം നേരിട്ടത്. ഇവരെ തൃക്കരിപ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടന്ന മുസ ഹാജി മുക്കിലാണ് ഇരുവിഭാഗങ്ങളുടെയും കലാശക്കൊട്ട് നടന്നത്. സംഘർഷാവസ്ഥയുണ്ടായതോടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം ഏറെ നേരം ആശങ്കയിലായിരുന്നു. കല്ലേറിൽ പരിക്കേറ്റ ചെറുവത്തൂർ കണ്ണങ്കൈയിലെ സരുണിനെ (26)ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈ.എസ്.പി. പ്രദീപ് കുമാർ, ഇൻസ്‌പെക്ടർ സന്തോഷ്, എസ്.ഐ വിപിൻ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.


പടന്നയിൽ സ്ഥിതിഗതികൾ ശാന്തം
നിരീക്ഷകനും കളക്ടറും എത്തി
സംഘർഷം ഉണ്ടായ പടന്നയിൽ തിരഞ്ഞെടുപ്പു നിരീക്ഷകൻ എസ്. ഗണേഷും ജില്ലാ കളക്ടർ ഡോ. സുജിത് ബാബുവും ഇന്നലെ രാത്രി സന്ദർശിച്ചു. അക്രമ വിവരം അറിഞ്ഞു രാത്രി എട്ട് മണിയോടെയാണ് കളക്ടറും നിരീക്ഷകനും പടന്നയിൽ എത്തിയത്. സംഘർഷം തടയാൻ കർശന നടപടി എടുക്കാൻ ഇരുവരും പൊലീസിന് നിർദേശം നൽകി.

സംഘർഷത്തിന് ഉത്തരവാദി പൊലീസെന്ന് യു.ഡി.എഫ്.
മുൻ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും വിപരീതമായി മൂസ്സഹാജി മുക്കിൽ കലാശക്കൊട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പൂർണ്ണ ഉത്തരവാദി പൊലീസാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കീഴ്വഴക്കം ലംഘിച്ച് കലാശക്കൊട്ടിന് അനുമതി നൽകിയാൽ ഉണ്ടാകുന്ന സംഘർഷ സാധ്യത കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു ചേർത്ത യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും സി.പി.എമ്മിന്റെ സമ്മർദ്ദത്തിൽ അനുമതി നൽകിയതാണ് കുഴപ്പത്തിന് കാരണമായതെന്ന് ഇവർ പറഞ്ഞു.പൊലീസ് നിർദ്ദേശപ്രകാരം അഞ്ചു മണിക്കു തന്നെ പിരിഞ്ഞുപോയ യു.ഡി.എഫ് പ്രവർത്തകർക്കുനേരെ പുറത്തു നിന്നുമെത്തിയവരാണ് അക്രമം അഴിച്ചു വിട്ടതെന്ന് ഇവർ ആരോപിച്ചു

യു.ഡി.എഫ് സർവ്വ കക്ഷി തീരുമാനം ലംഘിച്ചെന്ന് എൽ.ഡി.എഫ്
പടന്നയിലെ കൊട്ടികലാശത്തിന് ഇരു വിഭാഗങ്ങളും പൊലീസിന്റെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ ലംഘിച്ച യു.ഡി.എഫ് ആണ് സംഘർഷത്തിന് കാരണമെന്ന് സി.പി.എം പടന്ന ലോക്കൽ സെക്രട്ടറി ടി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു. സർവ്വ കക്ഷി ധാരണ പ്രകാരം യു.ഡി.എഫിന് അനുവദിച്ച സ്ഥലത്തല്ല ഇവർ പ്രചാരണം നടത്തിയത്. റോഡ് ഷോ നടത്തുകയായിരുന്ന എൽ.ഡി.എഫ് പ്രവർത്തകർക്കു നേരെ വടക്കേപ്പുറത്ത് കല്ലേറ് നടത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് കുഞ്ഞബ്ദുള്ള ആരോപിച്ചു.