തലശ്ശേരി: കൊട്ടിക്കലാശത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ശക്തി പ്രകടനം ഉത്സവമാക്കി തലശേരി നഗരം.

പഴയ ബസ്‌ സ്റ്റാൻഡ് ആശുപത്രി റോഡിൽ വൈകീട്ട് മൂന്ന് മുതൽ ഇടത് സ്ഥാനാർത്ഥി പി. ജയരാജന്റെ നിരവധി പ്രചാരണ വാഹനങ്ങൾ അനൗൺസ്മെന്റും പാരടി പാട്ടുകളുമായെത്തി.

പ്രസംഗങ്ങളും ആഹ്ലാദ നൃത്തങ്ങളും വെടിക്കെട്ടുമെല്ലാം മിഴിവേകി. കേരളത്തിൽ 2004 ആവർത്തിക്കുമെന്നും 19 സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടു. വയനാട്ടിൽ രാഹുൽ ജയിച്ചാൽ അത് വാർത്തയല്ലെന്നും എന്നാൽ തോറ്റാൽ അത് വലിയ വാർത്തയാണെന്നും കോടിയേരി പറഞ്ഞു. അഞ്ച് സീറ്റ് കേരളത്തിൽ കിട്ടുമെന്ന് മേനി പറയുന്ന മോദി സ്വന്തം അണികളോട് താമരക്ക് തന്നെ വോട്ട് ചെയ്യാൻ പറയണമെന്ന് കോടിയേരി ഓർമ്മിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡിലെ പൊതു യോഗത്തിൽ സി.പി ഷൈജൻ അദ്ധ്യക്ഷത വഹിച്ചു. സി.എൻ ചന്ദ്രൻ, കെ. സരേൻ, അഡ്വ. എ.എൻ ഷംസീർ എം.എൽ.എ, എം.സി പവിത്രൻ എന്നിവർ സംസാരിച്ചു.
പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി കവലക്ക് സമീപം നടന്ന യു.ഡി.എഫ് കൊട്ടിക്കലാശത്തിന് നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. ബൈക്ക് റാലിയും പ്രകടനവുമായി തുറന്ന വാഹനങ്ങളിലും പ്രവർത്തകരെത്തി. സ്ഥാനാർത്ഥി കെ. മുരളീധരന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ടീ ഷർട്ടുകളും മുരളീധരന്റെ മുഖ പടവും അണിഞ്ഞാണ് ഭൂരിഭാഗം പ്രർത്തകരും എത്തിയത്.

കൂറ്റൻ മൂവർണ്ണക്കൊടിയും ഹരിത പതാകയും വീശി പ്രവർത്തകർ ആവേശം വാനോളം ഉയർത്തി.
പരിപാടികൾ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കെട്ടിടത്തിന് മുകളിലും റോഡരികിലും സ്ഥാനം പിടിച്ചിരുന്നു.

യു.ഡി.എഫിന് അനുവദിച്ചിരുന്ന മണവാട്ടി കവലയ്ക്ക് സമീപത്തുകൂടി ബി.ജെ.പി പ്രവർത്തകർ പ്രകടനവുമായി എത്തിയത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. പൊലീസും യു.ഡി.എഫ് നേതാക്കളും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മുൻ ഡി.ജി.പി അഡ്വ. ടി. ആസിഫലി, അഡ്വ. പി.വി സൈനുദ്ദീൻ, വി.എ നാരായണൻ, വി. രാധാകൃഷ്ണൻ, സജീവ് മാറോളി, അഡ്വ. കെ.എ ലത്തീഫ്, എം. മഹമൂദ്, ഷാജി എം. ചൊക്ലി എന്നിവർ പ്രസംഗിച്ചു. ക്ലോക്ക് ടവർ പരിസരത്ത് ബി.ജെ.പിയും എം.ജി റോഡിൽ എസ്.ഡി.പി.ഐയും റോഡ് ഷോകളുമായി കരുത്ത് തെളിയിച്ചു.