മട്ടന്നൂർ: പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ മട്ടന്നൂർ നഗരത്തിൽ സംഘർഷം. എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ പൊലീസ് പലതവണ ലാത്തിവീശി. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവർത്തകർക്കും മൂന്നു പൊലീസുകാർക്കും പരിക്കേറ്റു. ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കല്ലും വടിയും വലിച്ചെറിയുകയായിരുന്നു. ഒരു പിക്കപ്പ് വാനും തകർത്തു. മട്ടന്നൂർ ബസ് സ്റ്റാൻഡിന്റെ ഇരുവശങ്ങളിലുമായാണ് പ്രവർത്തകർ കലാശക്കൊട്ട് നടത്തിയത്. ഇതിനിടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും കല്ലെറിയുകയുമായിരുന്നു. പൊലീസ് ലാത്തിവീശി യു.ഡി.എഫ് പ്രവർത്തകരെ ബസ് സ്റ്റാൻഡിൽ നിന്ന് അടിച്ചോടിച്ചു. പൊലീസ് നാലുതവണ ഗ്രനേഡും പ്രയോഗിച്ചു.
ഇവർ മടങ്ങിയെത്തിയതോടെ പലതവണ വീണ്ടും കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളും ബസ് സ്റ്റാൻഡിൽ സംഘടിച്ചതോടെ ഒരു മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു. പൊലീസ് ഇടപെട്ടതിനെ തുടർന്ന് നേതാക്കൾ സ്ഥലത്ത് നിന്നും സംസാരിച്ച് സംഘർഷത്തിന് അയവുണ്ടാക്കി.
മട്ടന്നൂർ സി.ഐ പി. ചന്ദ്രമോഹൻ, എസ്.ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കേന്ദ്രസേനയും ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. ലാത്തി വീശിയതിനെ തുടർന്ന് വീണും പലർക്കും പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ദേവദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. രജിത്ത് എന്നിവർക്കും പരിക്കേറ്റു.