കാസർകോട്: മൊഗ്രാൽ നാങ്കിയിൽ ഉമ്മയും കുഞ്ഞും തീവണ്ടി തട്ടിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ശനിയാഴ്ച രാത്രി എട്ടര മണിയോടെ മൊഗ്രാൽ നാങ്കി സ്രാമ്പി പള്ളിയുടെ സമീപത്തായിരുന്നു അപകടം.
നാങ്കിയിലെ അലിയുടെ ഭാര്യ സുഹൈറ (28), മകൻ സഹബാദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. മൊഗ്രാൽ മൈമൂൻ നഗറിലെ ബന്ധുവീട്ടിൽ നിന്ന് നാങ്കിയിലെ സ്വവസതിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഇരട്ടപ്പാതകൾക്കിടയിൽ കുടുങ്ങിയാണ് ഇരുവരും മരണപ്പെട്ടത്. റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഇരുഭാഗത്തുനിന്നും തീവണ്ടികൾ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. അപകടസ്ഥലത്ത് രണ്ടു റെയിൽവെ ട്രാക്കുകൾക്കുമിടയിൽ നിൽക്കാൻ സ്ഥലമില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. സഹബാദ് പൊടുന്നനെ ഓടിയപ്പോൾ തീവണ്ടി തട്ടുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സുഹൈറയും അപകടത്തിൽപെട്ടത്.
സുഹൈറ മൈമൂൻ നഗറിലെ അബ്ബാസ് - സുബൈദ ദമ്പതികളുടെ മകളാണ്. നാങ്കി അംഗൻവാടിയിലെ വിദ്യാർത്ഥിയാണ് സഹബാദ്.