കാസർകോട്: കേരളത്തിൽ നാലിൽ കൂടുതൽ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രവീശ തന്ത്രിയുടെ കൊട്ടിക്കലാശ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാസർകോട് എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി വിജയിക്കും.
രാഹുൽ ഉൾപ്പെടെ അച്ഛനും അപ്പൂപ്പനും ബന്ധുക്കളെല്ലാം അഴിമതിക്കാരാണ്. എന്നിട്ടാണ് മോദിജിയെ കള്ളനെന്ന് വിളിക്കുന്നതെന്നും അവർ പറഞ്ഞു.

ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള, വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി. സുരേഷ് കുമാർ ഷെട്ടി, ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ, ജി. ചന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് കണ്ണോട്ട്, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പയ്യന്നൂർ ഷാജി, സി. ഗണേഷ് കാർണിക്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗമേഷ് പാറക്കട്ട, ബി.ജെ.പി കാസർകോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, യുവമോർച്ച സംസ്ഥാന സമിതിയംഗം പി.ആർ സുനിൽ, കൗൺസിലർ ഉമ കടപ്പുറം, ധനഞ്ജയൻ മധൂർ, ബിജെപി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എൻ.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.