കണ്ണൂർ: വടകര ലോക് സഭാ മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി പി.ജയരാജനും കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും ബി.ജെപി സ്ഥാനാർഥി സി.കെ.പദ്മനാഭനും തങ്ങൾക്കു തന്നെ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടെങ്കിലും കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പി.കെ. ശ്രീമതിക്ക് ഇതിനുള്ള അവസരമില്ല. കെ. സുധാകരൻ കണ്ണൂർ എം.ടി.എൻ സ്കൂളിൽ വോട്ടുചെയ്യുമ്പോൾ കാസർകോട് ലോക് സഭാ മണ്ഡലത്തിലെ ചെറുതാഴം ഗവ.എ.എൽ.പി സ്കൂളിലാണു പി.കെ.ശ്രീമതിയുടെ വോട്ട്. ബി.ജെ.പി സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽ.പി സ്കൂളിൽ വോട്ടു ചെയ്യും. വടകര ലോക് സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജൻ പാട്യം കോങ്ങാറ്റ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി അമല സ്കൂളിലും മന്ത്രിമാരായ ഇ.പി.ജയരാജൻ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലും കെ.കെ.ശൈലജ പഴശി വെസ്റ്റ് യുപി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ.എൽ.പി സ്കൂളിലും എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമസമാജം യു.പിയിലും വോട്ട് രേഖപ്പെടുത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടിയേരി ഓണിയൻ യു.പി സ്കൂളിലും സി..പി..എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ മൊറാഴ സെൻട്രൽ എൽ.പി സ്കൂളിലും ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പെരളശേരി എ.കെ.ജി ഹയർസെക്കൻഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വോട്ടു രേഖപ്പെടുത്തും. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തലശേരി തിരുവങ്ങാട് എൽ.പി സ്കൂളിലും സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് കൊളവല്ലൂർ ഗവ.എൽപി സ്കൂളിലും ബി..ജെ..പി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത് പള്ളിയാംമൂല എൽ.പി. സ്കൂളിലും വോട്ട് ചെയ്യും.