കാസർകോട്: കഞ്ചാവ് ലഹരിയിൽ ഭാര്യയെയും ഭാര്യാ സഹോദരിയെയും വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. കുമ്പള പേരാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹബി എന്ന ഹബീബാ (24) ണ് റിമാൻഡിലായത്. കലാശക്കൊട്ടിനിടെ ടൗണിൽ വെച്ചാണ് ഇയാളെ കുമ്പള സി.ഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 13 ന് രാത്രി 11 ന് പേരാലിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് ലഹരിയിലെത്തിയ പ്രതി ഭാര്യ റുക്സാന (26), സഹോദരി ഹഫ്സീന (22) എന്നിവരെയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽപോയ ഹബീബ് ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടെ പൊലീസിന്റെ ശ്രദ്ധയിൽപെടില്ലെന്ന് കരുതി ടൗണിലിറങ്ങുകയായിരുന്നു.
ഇതിനിടയിൽ സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ടൗണിൽ വെച്ചു തന്നെ പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് ദേവി നഗറിൽ താമസിക്കുന്ന ഒരാളെയും ഹബീബ് കഞ്ചാവ് ലഹരിയിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
സാബിത് വധക്കേസിൽ വിധിപറയുന്നത്
നാലാംതവണയും മാറ്റി
കാസർകോട്: മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിൽ വിധി പറയുന്നത് നാലാം തവണയും മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് മേയ് നാലിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരത്തെ പൂർത്തിയായി ആദ്യം ഫെബ്രുവരി 26 ന് വിധി പറയാനിരിക്കുകയും പിന്നീട് ഇത് മാർച്ച് 14ലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാർച്ച് 14ന് പരിഗണിച്ചപ്പോൾ ഏപ്രിൽ ഒന്നിലേക്ക് മാറ്റി. ഏപ്രിൽ ഒന്നിന് പരിഗണിച്ചപ്പോഴാണ് ഏപ്രിൽ 22 ലേക്ക് മാറ്റിയത്.
2013 ജൂലായ് ഏഴിന് രാവിലെ 11.30 മണിയോടെ നുള്ളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ തടഞ്ഞുനിർത്തി സാബിത്തി (18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തിൽ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.
ജെ പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുർളു കാളിയങ്ങാട് കോളനിയിലെ കെ.എൻ വൈശാഖ് (22), ജെ. പി കോളനിയിലെ 17 കാരൻ, ജെ.പി കോളനിയിലെ എസ്.കെ നിലയത്തിൽ സച്ചിൻ കുമാർ എന്ന സച്ചിൻ (22), കേളുഗുഡ്ഡെയിലെ ബി.കെ പവൻ കുമാർ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയൻ (28), ആർ. വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികൾ.