കാസർകോട്: ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ 13,63,937 വോട്ടർമാർ ചൊവാഴ്ച ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. പ്രവാസി വോട്ടർമാരുൾപ്പെടെ 7,04,482 സ്ത്രീകളും 6,59,454 പുരുഷന്മാരുമാണുള്ളത്. ഒരു ട്രാൻസ്ജെൻഡർ വോട്ടറുമുണ്ട്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ് 2,12,108. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിനാണ് രണ്ടാംസ്ഥാനം - 2,09,572 വോട്ടർമാരാണുള്ളത്. മൂന്നാമതുള്ള കാസർകോട് മണ്ഡലത്തിൽ 2,03,810 വോട്ടർമാരുണ്ട്. 1371 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 43 ബൂത്ത് പ്രശ്നബാധിതമാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

2014ൽ 12,21,294 വോട്ടർമാരാണുണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടയിൽ 1,39,533 പേർ വർധിച്ചു. 78.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇത്തവണ പോളിംഗ് ശതമാനം പൊതുവെ വർധിക്കുമെന്നാണ് പ്രതീക്ഷ. ഒമ്പത് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കെ പി സതീഷ്ചന്ദ്രൻ(എൽ.ഡി.എഫ്), രാജ്‌മോഹൻ ഉണ്ണിത്താൻ (യു.ഡി.എഫ്), രവീശ തന്ത്രി കുണ്ടാർ(ബി.ജെ.പി), അഡ്വ. ബഷീർ ആലടി(ബി.എസ്.പി), ഗോവിന്ദൻ ബി. ആലൻതാഴെ, കെ. നരേന്ദ്രകുമാർ, ആർ.കെ രണദിവൻ, രമേശൻ ബന്തുടക്ക, സജി (എല്ലാവരും സ്വതന്ത്രർ) എന്നിവരാണ് ജനവിധി തേടുന്നത്.

വോട്ടു ചെയ്യാൻ 11 രേഖകളിൽ ഒന്ന് ഹാജരാക്കാം. തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ രേഖ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോ പതിച്ച കേന്ദ്ര സംസ്ഥാന പബ്ലിക് സെക്ടർ അണ്ടർടേക്കിങ്, പബ്ലിക് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്, ബാങ്കോ പോസ്റ്റ് ഓഫീസോ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, പാൻകാർഡ്, ആർജിഐ നൽകിയ സ്മാർട് കാർഡ്, തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, എംപിമാർക്കും എംഎൽഎമാർക്കും നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയാണ് രേഖകൾ.

കൺട്രോൾ റൂം നിയന്ത്രിക്കുന്നത് വനിതകൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് കൺട്രോൾ റൂമിന്റെ നിയന്ത്രണം വനിതകളുടെ കൈകളിൽ ഭദ്രമാണ്. സംസ്ഥാനത്ത് വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഏക കൺട്രോൾ റൂമും കാസ‌ർകോട്ടേതാണ്. കളക്ട്രേറ്റിൽ ജൂനിയർ സൂപ്രണ്ടുമാരായ സി.ജി ശ്യാമള, ഇന്ദു എം. ദാസ് എന്നിവരെ നോഡൽ ഓഫീസർമാരായി ജില്ലാ കളക്ടർ ഡോ. സുജിത് ബാബു നിയമിച്ചിരുന്നു. ജൂനിയർ സൂപ്രണ്ട് പി എ സജിത, ക്ലർക്കുമാരായ എ. ഷീജ, എ. സമിത എന്നിവരും ഇവരുടെ കൂടെ സജീവമാണ്.

43 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്
തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകൾ വെബ്കാസ്റ്റിംഗ് വഴി ജില്ലാ കളക്ടർ നിരീക്ഷിക്കും. കാസർകോട് നാല്, ഉദുമ മൂന്ന്, കാഞ്ഞങ്ങാട് 13, തൃക്കരിപ്പൂർ 23 ബൂത്തുകളാണ് നിരീക്ഷണത്തിന്റെ പരിധിയിൽ വരിക. പ്രിസൈഡിംഗ് ഓഫീസർക്ക് മുന്നിൽ സ്ഥാപിച്ച ക്യാമറകൾ വോട്ടർമാരുടെ ദൃശ്യങ്ങൾ പകർത്തി കൈമാറും. അക്ഷയ ആണ് വെബ് കാസ്റ്റിംഗ് ചുമതല നിർവ്വഹിക്കുന്നത്.