കണ്ണൂർ: ഭക്തി ലഹരിക്ക് മറയാക്കുകയാണ് ചില ഫ്രീക്കന്മാർ. കഴിഞ്ഞദിവസം ലഹരി ഉപയോഗിക്കുന്നതിനിടെ പിടികൂടിയ ചില യുവാക്കളുടെ ഫോണിൽ നിന്നാണ് ഈ സൂത്രം എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കഞ്ചാവിന് അടിമകളായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഡിസ്പേ പിക്ചർ ഒരു ദൈവത്തിന്റേതായിരുന്നു. സംഗതി കണ്ടാൽ ഏതോ ഭക്തസംഘമാണെന്നേ കരുതൂ. എന്നാൽ കൈമാറുന്ന സന്ദേശം അമ്പരപ്പിക്കുന്നതും. മറ്റൊരു ഗ്രൂപ്പിന്റെ പേരാകട്ടെ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗണും. ആരും സംശയിക്കാതിരിക്കാൻ വേണ്ടിയാണീ സൂത്രപ്പണി.
കളർഫുള്ളോ അവ്യക്തമായതോ ആയ ചിത്രങ്ങൾ, യക്ഷികൾ എന്നിങ്ങനെ ഡി.പികളാക്കിയ ഗ്രൂപ്പുകൾ വഴിയും ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്സൈസ് വെളിപ്പെടുത്തുന്നു. ഓരോ സ്ഥലങ്ങളിലെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളും മുതിർന്നവരുമുണ്ട് ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെന്ന് എക്സൈസ് പറയുന്നു.
'എം' എന്ന കോഡ് ഭാഷയിൽ അറിയപ്പെടുന്ന എം.ഡി.എം.എ, 'ഐസ്' എന്നറിയപ്പെടുന്ന ആംഫിറ്റാമിൻ തുടങ്ങിയ ന്യൂജെൻ മയക്കുമരുന്നുകളാണ് യുവാക്കൾക്കിടയിൽ വ്യാപകമാകുന്നത്. ഇതര ലഹരികളെക്കാൾ ആർക്കും പിടികൊടുക്കാതെ രക്ഷപ്പെടാമെന്നതാണ് ഇവയുടെ സ്വീകാര്യതയ്ക്ക് കാരണം. ഒരു ഗ്രാമിന് 4,500-5,000 രൂപ വരെയുണ്ടെങ്കിലും 'ഷെയർ' ഇട്ടാണ് ഇത്തരക്കാർ ഇവ വാങ്ങുന്നത്. ആറു പേർക്ക് ഇതുവഴി 12 മണിക്കൂർ വരെ ലഹരിയുടെ സുഖം നുണയാനാകും.
ഗൾഫ് നാടുകളിൽ സജീവമായ 'ഹുക്ക'യുടെ പ്രത്യേക ഫ്ലേവർ ചേർത്ത ഇനംവരെ വ്യാപകമായി കേരളത്തിൽ പ്രചരിക്കുന്നു. ഓൺലൈനിൽ വൻ ഡിമാന്റുള്ള ഇതിന്റെ ഇടപാടുകാരിൽ വിദ്യാർത്ഥികളുമുണ്ടത്രേ.
വിദ്യാർത്ഥികളിൽ ലഹരി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഓരോ റേഞ്ച് തലത്തിലും കാമ്പസുകളിലെ ബോധവത്കരണത്തിനായി പ്രിവന്റീവ് ഓഫീസർമാരടക്കം രണ്ട് പേരെ എക്സൈസ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, യുവാക്കൾക്കിടയിൽ ലഹരി വസ്തുക്കളുടെ കോഡുകൾ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് ഒരു പ്രത്യേകതയെന്ന് എക്സൈസ് പറയുന്നു. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനും ഇത് വെല്ലുവിളിയാകും.
കഞ്ചാവുകൾക്കായി ഓർഡർ സ്വീകരിച്ച് മാത്രം എത്തിക്കുന്ന പ്രവണതയും ഇപ്പോൾ കൂടിയിട്ടുണ്ട്. സ്റ്രോക്ക് ചെയ്യുന്നത് പിടിക്കപ്പെടാൻ ഇടയാക്കുന്നതോടെ മണിക്കൂറുകൾക്കകം വിറ്റഴിക്കുകയാണ് പതിവ്. ഇതോടെ എക്സൈസിന് സൂചന ലഭിച്ച് തുടങ്ങുമ്പോഴേക്കും ഇവർ രക്ഷപ്പെട്ടിരിക്കും. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ വാഹകരാക്കിയും ലഹരി എത്തിക്കുന്നുണ്ട്. അതേസമയം, 5500 പേർ മാത്രമുള്ള എക്സൈസ് ഈ പരിമിതിയിൽ നിന്നാണ് ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇൻഫോർമർമാരുടെ രഹസ്യ വിവരത്തെ തുടർന്ന് മാത്രമാണ് പലരെയും കുടുക്കാൻ സാധിക്കുന്നത്.