നടുവേദന ഏറെക്കുറേ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ്. ഇതിനുള്ള കാരണങ്ങൾ പലതായിരിക്കും. കാരണം കണ്ടെത്തിയുള്ള ചികിത്സയാകും ഉചിതം. കുട്ടിക്കാലത്തെ വീഴ്ചയുടെ ഭാഗമായോ എല്ല് തേയ്മാനം കൊണ്ടോ ഒക്കെ നടുവേദന വരാം.
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടർച്ചയായി യാത്ര ചെയ്യുന്നവരിലും ബൈക്ക് യാത്രക്കാരിലും നടുവേദന കൂടുതലായി കണ്ടുവരുന്നു. അമിതാധ്വാനം ചെയ്യുന്നവരും ഈ പ്രയാസം അനുഭവിക്കുന്നവരാണ്.
നടുവേദനയും കഴുത്തുവേദനയും ഇന്ന് സർവ സാധാരണമായി മാറാൻ പ്രധാനകാരണം ജീവിതശൈലിയിൽ വന്ന മാറ്റം തന്നെയാണ്. അധ്വാനം തീരെയില്ലാത്ത ജോലിയും വ്യായാമരഹിതമായ ജീവിതവും ഇത്തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. നട്ടെല്ല് ഒറ്റ അസ്ഥിയല്ല. അത് അനേകം കശേരുക്കളുടെ ഒന്നിന് മുകളിൽ ഒന്ന് പോലെ അടുക്കി വച്ചിരിക്കുന്ന ഒരു അസ്ഥി സഞ്ചയമാണ്. ഈ കശേരുക്കൾക്കിടയ്ക്കുള്ള ഡിസ്‌കിനുണ്ടാകുന്ന സ്ഥാനചലനമാണ് നടുവേദനയുടെ പ്രധാന കാരണം.
എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളിൽ സുഷിരങ്ങളുണ്ടാവാം. ഇത് ബലക്ഷയം, ഒടിയൽ, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു. കാത്സ്യത്തിന്റെ കുറവ് അസ്ഥിക്ഷയത്തിന് കാരണമാകുന്നുണ്ട്. നടപ്പുരീതി, നിരപ്പല്ലാത്ത പ്രതലത്തിൽ കിടന്നുകൊണ്ടുള്ള ഉറക്കം, മാനസിക സമ്മർദ്ദം എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണങ്ങളാണ്.
നടുവേദന ഒഴിവാക്കാൻ നല്ല ശ്രദ്ധ നല്കണം. ഇരിക്കുമ്പോൾ നിവർന്നിരിക്കുക, ദീർഘനേരം ഇരിക്കുന്നതിനിടെ കുറച്ചുസമയം നടക്കാൻ കണ്ടെത്തുക, കാൽ കഴിവതും ഉയർത്തി വയ്ക്കുക, ഹൈ ഹീൽ ചെരുപ്പ് ഒഴിവാക്കുക, നട്ടെല്ലിന് ദോഷകരമല്ലാത്ത കിടക്ക ഉപയോഗിക്കുക, ശരീരഭാരം കുറയ്ക്കുക, നിത്യവും വ്യായാമം ചെയ്യുകയെന്നിവയെല്ലാം ഗുണകരമാണ്.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട, തളിപ്പറമ്പ്.
ഫോൺ: 9544657767.