കണ്ണൂർ:വീറും വാശിയും നിറഞ്ഞ പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മികച്ച പോളിംഗ്. 81.74 ശതമാനം വോട്ടാണ് കണ്ണൂർ ജില്ലയിൽ രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 81.87 ശതമാനം പോളിംഗ് രേഖപ്പെടുത്തി.2014ൽ 81.33 ശതമാനമായിരുന്നു പോളിംഗ്.
മിക്ക ബൂത്തുകളിലും ഏഴ് മണിക്ക് മുമ്പുതന്നെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ചിലയിടങ്ങളിൽ ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടർന്ന് വോട്ടിംഗ് പ്രക്രിയ തുടങ്ങാൻ താമസം നേരിട്ടു. അതിനാൽ ആദ്യ മണിക്കൂറിൽ താരതമ്യേന കുറഞ്ഞ വോട്ടിംഗ്് നിരക്കായ നാല് ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഒമ്പത് മണിയോടെ കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ 11.87 ശതമാനമായി വോട്ടിംഗ് നില ഉയർന്നു. 18.36 ശതമാനം വോട്ടാണ് രാവിലെ പത്ത് മണിക്കുള്ളിൽ ജില്ലയിൽ രേഖപ്പെടുത്തിയത്. ഇത് 11.30 ഓടെ 30.51 ശതമാനമായി ഉയർന്നു. ഒരു മണിയോടെ ശതമാനം 44.27 ആയി. രണ്ട് മണി കഴിഞ്ഞതോടെ പകുതിയിലേറെപ്പേരും വോട്ട് ചെയ്യുന്ന നിലയിലെത്തി. ശതമാനം 52.84 ആയി. ഉച്ച സമയത്ത് പോളിംഗിൽ നേരിയ മന്ദഗതി കണ്ടെങ്കിലും നാല് മണിയോടെ 67.81 എന്ന നിലയിലേക്ക് കുതിച്ചുയർന്നു. വോട്ടിംഗ് അവസാനിക്കേണ്ട ആറു മണിക്ക് 77.42 ശതമാനമയിരുന്നു പോളിംഗ്. ആറു മണിക്ക് 625 ബൂത്തുകളിൽ ആളുകൾ വോട്ട് ചെയ്യാൻ വരിനിൽക്കുന്നുണ്ടായിരുന്നു.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളാണ് ജില്ലയിൽ പോളിംഗിൽ മികച്ചു നിന്നത്. തളിപ്പറമ്പിൽ 85.37 ശതമാനവും പയ്യന്നൂരിൽ 84.93 ശതമാനവുമായിരുന്നു പോളിംഗ്. 78.60 ശതമാനവുമായി കണ്ണൂർ അസംബ്ലി മണ്ഡലം ഏറ്റവും പിറകിലായി.

മണിക്കൂറുകൾ ക്യൂവിൽ

ഭൂരിപക്ഷം ബൂത്തുകളിലും വോട്ടർമാർക്ക് വിധിയെഴുതാൻ മൂന്നും നാലും മണിക്കൂർ കാത്തുനിൽക്കേണ്ടി വന്നു.. വോട്ടിംഗ് യന്ത്രത്തിലെ തകരാർ പലയിടത്തും വില്ലനായി. ചിലയിടങ്ങളിൽ ഇതു കാരണം പോളിംഗ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.

പാമ്പിനെ തല്ലിക്കൊന്ന് വോട്ട്

മയ്യിലിൽ വിവിപാറ്റ് മെഷീനിൽ വിഷപ്പാമ്പിനെ കണ്ടതോടെ വോട്ടിംഗ് അൽപ്പ സമയം തടസ്സപ്പെട്ടു. മയ്യിൽ കണ്ടക്കൈയിലെ 145 നമ്പർ ബൂത്തായ കണ്ടക്കൈ എ.എൽ.പി സ്കൂളിലാണ് പാമ്പിനെ കണ്ടത്. രാവിലെ വോട്ടിംഗ് മോക് പോൾ ആരംഭിക്കുന്നതിനായി വിവിപാറ്റ് മെഷീൻ തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയർത്തിയത്.. ഞെട്ടിപ്പോയ പോളിംഗ് ഉദ്യോഗസ്ഥർ പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മണ്ഡലം തിരിച്ച്

കണ്ണൂർ-78.60

തളിപ്പറമ്പ്-85.37

പയ്യന്നൂർ-84.93

അഴീക്കോട്-80.28

പേരാവൂർ-80.17

കൂത്തുപറമ്പ്-80.30

മട്ടന്നൂർ- 83.90

ഇരിക്കൂർ- 80.37

കല്യാശേരി-81.79

തലശേരി-79.19

ധർമ്മടം-83.31