കാസർകോട്: കാസർകോട് മണ്ഡലത്തിൽ പോളിംഗ് തടയാൻ വില്ലനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവി പാറ്റ് മെഷീനും. മണ്ഡലത്തിലെ അറുപതിലധികം ബൂത്തുകളിലാണ് യന്ത്രം കേടായത് കാരണം വോട്ടെടുപ്പ് മുടങ്ങിയത്. വോട്ടിംഗ് യന്ത്രം തകരാർ ആയാൽ എളുപ്പം ശരിയാക്കുന്നതിന് ഹൈദരാബാദിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ കാസർകോട് ഉണ്ടായിരുന്നെങ്കിലും എവിടെയും യഥാസമയം ഇവരുടെ സേവനം ലഭ്യമായില്ല. ഇതുകാരണം മണിക്കൂറുകളാണ് വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടിവന്നത്.

യന്ത്രത്തകരാർ കാരണം വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ വൈകിയ ബൂത്തുകളും മണ്ഡലത്തിലുണ്ടായി. പിലിക്കോട്, നീലേശ്വരം, കണിച്ചിറ, തൃക്കരിപ്പൂർ, ചെറുവത്തൂർ, മൊഗ്രാൽ പുത്തൂർ, മൊഗ്രാൽ, ബങ്കര മഞ്ചേശ്വരം, മംഗൽപ്പാടി, ചെർക്കള, ഉദുമ തുടങ്ങി നിരവധി സ്ഥലങ്ങളിലെ പോളിംഗ് ബൂത്തുകളിലാണ് മെഷീൻ തകരാറുമൂലം വോട്ടെടുപ്പ് മുടങ്ങിയത്. പിലിക്കോട് വയൽ ഗവ. എൽപി സ്‌കൂളിലെ 115 നമ്പർ ബൂത്തിലാണ് മെഷീൻ കേടായതിനെ തുടർന്ന് രണ്ടുമണിക്കൂറോളമാണ് വോട്ടിംഗ് തടസ്സപ്പെട്ടത്. ഒമ്പത് മണിയോടെ സാങ്കേതിക വിദഗ്ധർ എത്തി തകരാർ പരിഹരിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. മൊഗ്രാൽ പുത്തൂരിലെ 13,14,15,16 ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയിരുന്നു. മൊഗ്രാൽ ജി എച്ച് എസ് എസിലെ 158 നമ്പർ ബൂത്തിൽ ഒന്നര മണിക്കൂർ വീതവും രണ്ടുതവണയായി മൂന്ന് മണിക്കൂർ സമയമാണ് പോളിംഗ് മുടങ്ങിയത്. ആദ്യം തകരാറിലായ മെഷീൻ റിപ്പയർ ചെയ്തു വോട്ടെടുപ്പ് തുടങ്ങിയ ഉടൻ വീണ്ടും പണിമുടക്കുകയായിരുന്നു. മംഗൽപ്പാടി ജി.എച്ച്.എസ്.എസിൽ ഒന്നര മണിക്കൂർ വൈകി എട്ടര മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന വിവി പാറ്റ് മെഷീനുകളാണ് സുഗമമായ പോളിംഗ് പലയിടങ്ങളിലും തടസപ്പെടുത്തിയത്. രാവിലെ മുതൽ പോളിംഗ് മന്ദഗതിയിലാക്കാനും പ്രധാന കാരണക്കാരൻ ആയത് വിവി പാറ്റ് മെഷീനുകളായിരുന്നു. വോട്ട് ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പുറമെ വിവി പാറ്റ് മെഷീൻ കൂടി ബൂത്തുകളിൽ പുതുതായി വന്നതോടെ ഒരു വോട്ടർക്ക് ഏഴ് സെക്കൻഡ് വീതം അധികം ചിലവഴിക്കേണ്ടിവന്നു. ഇത് പോളിംഗ് മന്ദഗതിയിലാക്കിയതിന് പുറമെയാണ് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പല ബൂത്തുകളിലും ഈ മെഷീനുകൾ പണിമുടക്കുകയും ചെയ്തത്

മൊഗ്രാൽ പുത്തൂരിൽ 13 -ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. 14 -ാം നമ്പർ ബൂത്തിൽ രണ്ട് സ്ഥാനാർഥികൾക്ക് നേരെയുള്ള ബട്ടണുകൾ പ്രവർത്തന രഹിതമായിരുന്നു. 16-ാം ബൂത്തിൽ വിവി പാറ്റ് യന്ത്രമാണ് തകരാറിലായത്. വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതോടെ പലയിടത്തും വോട്ടർമാർ ബഹളം വയ്ക്കുകയും ചെയ്തു.

പടം ..വോട്ടിംഗ് യന്ത്രം നിലച്ചതോടെ ക്യൂനിന്ന് തളർന്ന വോട്ടർമാർ ഭിത്തിയിൽ ഇരിപ്പുറപ്പിച്ചപ്പോൾ. മംഗൽപ്പാടി ജി.എച്ച്.എസ്. എസ് ബൂത്തിൽ നിന്ന്.