congress-flag

കണ്ണൂർ : ബൂത്ത് സന്ദർശനത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥികളെ സി.പി.എം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. കണ്ണൂരിലെയും വടകരയിലെയും സ്ഥാനാർത്ഥികളായ കെ. സുധാകരനെയും കെ. മുരളീധരനെയുമാണ് തടഞ്ഞത്.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ കുറ്റ്യാട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ നൂറ്റി എഴുപത്തിയെട്ടാം നമ്പർ ബൂത്തിലാണ് സുധാകരനെ തടഞ്ഞത്. വോട്ടർ‌മാരെ ഒരു സംഘം ഭീഷണിപ്പെടുത്തുകയാണെന്ന വിവരത്തെ തുടർന്ന് ബൂത്തിലെത്തിയ സുധാകരനെ സി.പി.എം പ്രവർത്തകർ തടഞ്ഞെന്നാണ് യു.ഡി.എഫ് പരാതി. കുറ്റ്യാട്ടൂരിലെ തന്നെ നൂറ്റിഎഴുപത്തിമൂന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകർത്തതായും പരാതിയുണ്ട്. ബൂത്ത് ഏജന്റ് ഹാഷിമിനെ ഒരു സംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചെന്നും യു.ഡി.എഫ് പരാതിപ്പെട്ടു.

കെ. മുരളീധരനെ തലശേരി ചൊക്ളി നോർത്ത് മേനപ്രം എൽ.പി സ്‌കൂളിൽ ഒരു സംഘം സി.പി.എം പ്രവർത്തകർ തടഞ്ഞെന്നാണ് പരാതി. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ചീഫ് ഏജന്റുമാർ തിര‌ഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.