പയ്യന്നൂർ: അസംബ്ലി മണ്ഡലത്തിൽ ഏതാനും വോട്ടിങ്ങ് യന്ത്രങ്ങൾ പണിമുടക്കി കുറച്ച് സമയത്തേക്ക് വോട്ടിംഗിന് തടസ്സം നേരിട്ട തൊഴിച്ചാൽ പയ്യന്നൂർ അസംബ്ലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പത്തോളം കേന്ദ്രങ്ങളിലാണ് യന്ത്രങ്ങൾ പണിമുടക്കിയത്.ഉടൻ തന്നെ തകരാറിലായ മെഷീനുകൾ മാറ്റി പുതിയത് സ്ഥാപിച്ച് വോട്ടെടുപ്പ് തുടർന്നു.
എരമം സൗത്ത് എൽ.പി.സ്‌കൂളിൽ 131 ന്നാം ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് തകരാറ് വന്നതിനാൽ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്,വിവി പാറ്റ് അടക്കമുള്ള മൊത്തം മെഷീനുകളും മാറ്റേണ്ടി വന്നു.മറ്റു സ്ഥലങ്ങളിൽ വി.വി. പാറ്റ് യന്ത്രങ്ങൾക്കാണ് തകരാറ് സംഭവിച്ചത്. പുളിങ്ങോം ഗവ: എച്ച്.എസ്.എസ് (നമ്പർ 163),ഏറ്റു കുടുക്ക യു.പി.എസ് (17),മുത്തത്തി സരസ്വതി വിലാസം യു.പി.എസ് (60) ,കാങ്കോൽ എൽ.പി.എസ്.(26) ,കോറോം മുക്കോത്തടം എൽ .പി .എസ് (63) ,കണ്ടോത്ത് എൽ.പി.എസ് (70) ,മാതമംഗലം ഗവ: എച്ച്.എസ്.എസ്.(136),പെരളം യു.പി.എസ് (14) തുടങ്ങിയ നമ്പർ ബൂത്തുകളിലെ വി.വി. പാറ്റ് യന്ത്രങ്ങളാണ് തകരാറ് കാരണം മാറ്റേണ്ടി വന്നത്.
കാസർകോട് ലോകസഭ മണ്ഡലത്തിൽ പെടുന്ന പയ്യന്നൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ 180 ബൂത്തുകളിൽ പയ്യന്നൂർ പൊലീസ് സർക്കിൾ പരിധിയിൽ 107 ബൂത്തുകളാണുള്ളത്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിൽ 57 എണ്ണം 90 ശതമാനത്തിൽ ഏറെ പോളിങ്ങ് നടക്കാറുള്ളത് കൊണ്ട് പ്രശ്‌നബാധിത ബൂത്തുകളായാണ് പരിഗണിക്കാറുള്ളത്. ഈ ബൂത്തുകൾ ഉൾപ്പെടെ മിക്കവാറും ബൂത്തുകളിൽ വെബ് ക്യാമറ ഉൾപ്പെടെ കുറ്റമറ്റ സുരക്ഷിതത്വ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഡിവൈ.എസ്.പി.ടി.എം.വർഗീസിന്റെ നേതൃത്വത്തിൽ പയ്യന്നൂർ,
പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കീഴിൽ കേന്ദ്രസേന അടക്കം സുശക്തമായ പൊലീസ് സംവിധാനവും ഒരുക്കിയിരുന്നു.