bull

ഭാഗ്യം പലവഴിക്ക് വരും.. അതിന് നേരവും കാലവുമൊന്നുമില്ല. എന്നാൽ, ഭാഗ്യം വരാൻ വിചിത്രമായ ആചാരംതന്നെ നിലനിൽക്കുന്ന ഒരു ഗ്രാമമുണ്ട്. മദ്ധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമത്തിലാണിത്. ഭാഗ്യം കിട്ടാൻ പശുക്കളുടെ ചവിട്ടേൽക്കുക! എത്ര ചവിട്ട് കിട്ടിയാലും അത് സന്തോഷത്തോടെ ഗ്രാമവാസികൾ ഏറ്റുവാങ്ങും. വളരെ ആഘോഷമായിട്ടാണ് ഈ ആചാരം ഗ്രാമവാസികൾ നടത്തുന്നത്.

ഗായ്- ഗൗരിയെന്നാണ് ആഘോഷത്തെ വിളിക്കുന്നത്. ഉജ്ജയിനിക്കടുത്താണ് ബീഡാവാഡ് എന്ന ചെറുഗ്രാമം. സമീപപ്രദേശങ്ങളിലുള്ള മറ്റുചില ഗ്രാമങ്ങളിലും ഈ ആചാരം പിന്തുടരുന്നുണ്ട്.

ഗ്രാമവാസികൾ പശുക്കളുടെ ചവിട്ടേൽക്കാനായി നിലത്തുകിടക്കും. തുടർന്ന് പശുക്കളെ ഇവർക്കിടയിലേക്ക് അഴിച്ചുവിടും. പശുക്കളുടെ കൊമ്പുകളിൽ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കിയാണ് ആഘോഷത്തിനായി എത്തിക്കുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടാകും.

പണ്ട് ഗ്രാമത്തിലുള്ള ഒരാൾ സന്താനലബ്ദിക്കായി പ്രാർത്ഥിക്കുകയും ഈ ആഘോഷത്തിന് ശേഷം ആഗ്രഹ പൂർത്തീകരണമുണ്ടായി എന്നുമാണ് പറയപ്പെടുന്നത്. പശുക്കൾ നിലത്ത് കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടിയോടുമ്പോൾ അവർ പ്രാർത്ഥനയിലായിരിക്കും. അപകടസാദ്ധ്യത കൂടുതലാണെങ്കിലും ഗ്രാമവാസികൾ അതിൽ നിന്ന് പിന്തിരിയില്ല. പശുക്കൾ അപകടമല്ല, ഐശ്വര്യമാണ് നല്കുകയെന്നാണ് ഇവരുടെ വിശ്വാസം. പശുക്കളുടെ ചവിട്ടേറ്റ് മുറിവു പറ്റിയാൽ അതിന് മരുന്നുമുണ്ട്. ഗോമൂത്രവും ചാണകവുമാണ് മുറിവിൽ പുരട്ടുന്നത്.