കാസർകോട്: ലോക്‌സഭാ മണ്ഡലത്തിൽ 99 ശതമാനം പോളിംഗോടെ ചായ്യോത്ത് സ്‌കൂളിലെ ബൂത്ത് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 190ാം നമ്പർ ബൂത്താണ് കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് നിലയുമായി അപൂർവ നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 116ാം ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിംഗ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിംഗ് (88 ശതമാനം) ജി.എച്ച്.എസ്.എസ് പദ്രെയിലെ 198ാം ബൂത്തിലും കുറവ് (65.8 ശതമാനം) കുർച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്‌കൂളിലെ 79 ാം ബൂത്തിലുമാണ്.
കാസർകോട് ഏറ്റവും കൂടുതൽ വോട്ട് (92.1) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47ാം ബൂത്തിലാണ്. ഈ മണ്ഡലത്തിൽ മറ്റു ബൂത്തുകളിലൊന്നും പോളിംഗ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8) തളങ്കര ഗവ. മുസ്ലിം എൽപി സ്‌കൂളിലെ 170 ാം ബൂത്തിലാണ്.
ഉദുമയിൽ കൂടിയത് (92.1) പാക്കം ജി.എച്ച്.എസിലെ 115 ാം ബൂത്തിലും കുറവ് (65.2) മൗവ്വലിലെ രിഫാഇയ്യ എൽ.പി.എസിലെ 119 ാം ബൂത്തിലുമാണ്. കാഞ്ഞങ്ങാട് ഏറ്റവും കുറവ് (69.2 ) പടന്നക്കാട് ശ്രീ നാരായണ ടി.ടിയിലെ 171 ാം ബൂത്തിലാണ്.
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ എ.എൽ.പി.എസ് പാലായിയിലെ 24 ാം നമ്പർ ബൂത്തിൽ 98.2 ശതമാനം പോളിംഗ് ചെയ്തു. ഏറ്റവും കുറവ് (69.7) പടന്ന വി.കെ.പി.കെ എച്ച്.എം.എം.ആ.ർ വി.എച്ച്.എച്ച്.എസ്.എസിലെ 139 ാം ബൂത്തിലാണ്.
പയ്യന്നൂരിൽ ഏറ്റവും കൂടുതൽ (97.2 ശതമാനം) പോളിംഗ് നടന്നത് മണിയറ ജി.എൽ.പി സ്‌കൂളിലെ 54 ാം ബൂത്തിലാണ്. കല്യാശേരിയിൽ കടന്നപ്പള്ളി എൽ.പി സ്‌കൂളിലെ 52 ാം ബൂത്തിൽ 98.7 ശതമാനവും ഗവ. ഗേൾസ് എച്ച്.എസ് മാടായിയിലെ 65 ാം ബൂത്തിൽ ഏറ്റവും കുറഞ്ഞ (66.5) പോളിംഗ് നിലയും രേഖപ്പെടുത്തി.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്ന പടന്നക്കാട് നെഹ്റു കോളേജിലെ സ്‌ട്രോംഗ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാഭടൻ.