പാനൂർ: വോട്ടെടുപ്പിന് ശേഷം പാനൂർ മേഖലയിലെ കുന്നോത്ത്പറമ്പിലെ പൊയിൽ പീടികയിൽ സി.പി.എം-കോൺഗ്രസ്് സംഘർഷം. വീടുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെ പാനൂർ കൊളവല്ലൂർ പൊയിൽ പീടിക ഭാഗത്ത് മൂന്നു വീടുകൾക്കു നേരെയാണ് അക്രമമുണ്ടായത്. സിപിഐ എം പ്രവർത്തകരായ മുടവൻക്കണ്ടിയിൽ ഗോപിയുടെ വീടിനു നേരെ ബോംബ് എറിയുകയായിരുന്നു. മുടവൻക്കണ്ടിയിൽ സന്തോഷ്, രയരോത്ത് കൃഷ്ണൻ എന്നിവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. മൂന്നു പേരുടെയും വിടിന്റെ ജനൽ ചില്ലുകളും ഫർണിച്ചർ ഉൾപ്പെടെയുള്ള വീട്ടുസാമഗ്രികളും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു തകർത്തു. മുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികൾ എറിഞ്ഞുടച്ചു. അക്രമം കണ്ട് ഓടിയെത്തിയ സി.പി. എം കൊളവല്ലൂർ നോർത്ത് ബ്രാഞ്ചംഗങ്ങളായ എം.കെ. സന്തോഷ് (42), ഗോകുൽ (22), ആർ പ്രഷിൻ (22) പാർട്ടി പ്രവർത്തകനായ പി.ടി. അഭിനാശ് (21) എന്നിവരെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചെന്ന് സി.പിഎം ആരോപിച്ചു.കോൺഗ്രസ്് പ്രവർത്തകരായ പൊയിൽപീടികയിൽ ലിനി, (34) രമിത്ത് (34) പഞ്ചന്റവിട ശ്രീമതി (55) ചന്ദ്രി(50) വി.പി. രഞ്ജിത്ത് (37)എന്നിവരെ വീട്ടിൽ കയറി സി.പി.എം മർദ്ദിച്ചതായി കോൺഗ്രസും ആരോപിച്ചു. പരിക്കേറ്റ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂത്തുപറമ്പ് നിയോജക മണ്ഡലം എഴുപത്തിയാറാം നമ്പർ ബൂത്ത് കൊളവല്ലൂർ വിജ്ഞാനോദയം സ്‌ക്കൂളിൽ നിന്നും യു.ഡി.എഫ് ബുത്ത് ഏജന്റിനെ കുറിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കൊളവല്ലൂർ പൊലിസ് സംഭവത്തിൽ കേസെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ എം.എൽ.എ, ജില്ല സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ, ജില്ല കമ്മിററിയംഗം കെ.കെ. പവിത്രൻ, ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് കെ.പി. മോഹനൻ, കരുവാംങ്കണ്ടി ബാലൻ, ഒ.കെ. വാസു എന്നിവർ വീട് സദർശിച്ചു. പരിക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകരെ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി, സെക്രട്ടറി കെ.പി സാജു, വി.സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുള്ള എന്നിവർ സന്ദർശിച്ചു.