കണ്ണൂർ:വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അക്രമം. പയ്യന്നൂർ എടാട്ട് കോൺഗ്രസ് ഓഫീസ് തീവച്ച് നശിപ്പിച്ചു.മട്ടന്നൂർ,പാനൂർ മേഖലകളിൽ വീടുകൾക്കും പാർട്ടി പ്രവർത്തകർക്കും നേരെയും അക്രമമുണ്ടായി.
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പയ്യന്നൂർ എടാട്ട് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരം തീവച്ച് നശിപ്പിച്ചു. എട്ടാം തവണയാണ് ഈ ഓഫീസിന് നേരെ അക്രമം നടക്കുന്നതെന്ന് പറയുന്നു.
ഓഫീസിന്റെ വാതിലും ജനലുകളും തകർത്താണ് അക്രമികൾ അകത്ത് കയറി പെട്രോൾ ഒഴിച്ച് തീവച്ചത്. മട്ടന്നൂർ കയനിയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന പോക്കറിന്റെ വീട് ഉൾപ്പെടെ പത്തോളം യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വാഹനത്തിലെത്തിയ സംഘം വടിവാൾ പ്രദർശിപ്പിച്ച് കൊലവിളി നടത്തിയാണ് അക്രമം നടത്തിയതെന്നും ആരോപണമുണ്ട്. കിടഞ്ഞിയിൽ യു.ഡി.എഫ്. ബൂത്ത് ഏജന്റായിരുന്ന ഫൈസലിന്റെ വീടിന്റെ മതിൽ തകർത്തു. ബൂത്ത് ഏജന്റായി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് മതിൽ തകർത്തതിന് പിന്നിലെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിച്ചു.