തളിപ്പറമ്പ്: ചൊവ്വാഴ്ച രാത്രിയിൽ വീടിന് നേരെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയെ കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സന്ദർശനം.
ചൊവ്വാഴ്ച രാത്രി പത്തോടെ ഒരു സംഘം സി.പി.എം പ്രവർത്തകർ വീടിന് നേരെ നടത്തിയ അക്രമത്തിൽ പരിക്കേറ്റുവെന്നാണ് ഇവർ പറഞ്ഞത്. ്അതെ സമയം സുരേഷ്് കീഴാറ്റൂരും സഹോദരനും അക്രമിച്ചതായി ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് വില്ലേജ് പ്രസിഡന്റ് പി.വത്സല(50), സെക്രട്ടറി പി.വി.ഗീത(47) എന്നിവർ തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയത് ചോദ്യംചെയ്തതിന് മർദ്ദിച്ചതായാണ് പരാതി.
കീഴാറൂർ ഗവ.എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ഒരു സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ടെലികാസ്റ്റിന്റെ വീഡിയോ സഹിതം സുരേഷ് കീഴാറ്റൂർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെ അക്രമമുണ്ടായത്. സംഘർഷത്തിനിടയിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് സി.ഐ. എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വൻപോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.