കണ്ണൂർ: കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലേക്ക് കണ്ണൂർ- കാസർകോട് ജില്ലകളിലെ മലയോര മേഖലയിൽ നിന്ന് ദിനംപ്രതി നിരവധി ആഢംബര ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പലതും ഇരുഭാഗത്തേക്കും നല്ല തോതിൽ ചരക്ക് കടത്തുന്നുണ്ടെന്നാണ് വിവരം.
ചരക്ക് വാഹനങ്ങളെ ആശ്രയിക്കാതെ ബസുകളെ തിരഞ്ഞെടുക്കുന്ന വലിയൊരു വിഭാഗമുണ്ട്. മഴയും വെയിലും കൊള്ളാതെ വേഗത്തിൽ സാധനമെത്തും. അതും കുറഞ്ഞ നിരക്കിൽ. യാത്രാടിക്കറ്റിന് പുറമെ ഇത്തരത്തിൽ ലഭിക്കുന്നത് ലാഭമായതിനാൽ ബസുകാർക്കും വലിയ താൽപര്യം. പ്രവൃത്തി ദിനങ്ങളിൽ കുറഞ്ഞ യാത്രക്കാരെയും കൊണ്ടു പോകുന്നതിലും ലാഭം ഇത് തന്നെയാണെന്ന് ബസുകാരും സമ്മതിക്കുന്നു.
ബംഗളൂരുവിൽ നിന്നും ചെറുപുഴയ്ക്ക് വരുന്ന സ്വകാര്യ ബസുകളിൽ ഇത്തരത്തിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ, മലയോരത്തെ കടകളിലേക്കുള്ള തുണിത്തരങ്ങൾ എന്നിവയെല്ലാം ധാരാളമായി എത്തിക്കുന്നതായും പറയുന്നു. സമീപ കാലത്ത് ചിറ്റാരിക്കൽ- എറണാകുളം, ചിറ്റാരിക്കാൽ- തൃപ്പുണ്ണിത്തുറ, ചെമ്പേരി- എറണാകുളം റൂട്ടുകളിൽ ഓടിത്തുടങ്ങിയ ബസുകളും ഇത്തരത്തിലാണ് വരുമാനം കണ്ടെത്തുന്നതെന്നും പല യാത്രക്കാരും പറയുന്നുണ്ട്.
കർണാടക ഭാഗത്ത് നിന്നും വരുന്ന സർവീസുകളിൽ ലഹരി പദാർത്ഥങ്ങൾ കടത്തുന്ന പതിവുണ്ടെന്ന് നേരത്തെ എക്സൈസ് കണ്ടെത്തിയിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് വാഹനയാത്രക്കാരെയും ആശങ്കപ്പെടുത്തുന്നു. ഇക്കാര്യത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ലെന്നുള്ളതാണ് ഇവർക്ക് തുണയാകുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ചാർജും മാറും ദിവസം നോക്കി
യാത്രക്കാരുടെ തിരക്കേറുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇരുന്നൂറ് രൂപയോളം അധികമായി ചാർജ് ഈടാക്കുകയാണ് പല ബസുകളും.കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ 440 രൂപ ഈടാക്കുമ്പോൾ ദീർഘദൂര ആഢംബര ബസുകൾ തിരക്കുള്ള ദിവസങ്ങളിലൊഴികെ ചാർജ് കുറക്കും. 400 രൂപയാണ് ഈ ദിവസങ്ങളിലെ ചാർജ്. തിരക്കുണ്ടാകുമ്പോൾ ഇത് 600 രൂപയും.ചരക്കുകടത്തിലൂടെയും ചാർജ് വർദ്ധിപ്പിച്ചും ഈ ബസുകൾ ലാഭം കൊയ്യുമ്പോൾ കെ.എസ്.ആർ.ടി.സി തിരക്കില്ലാതെ ഓടി കുഴിയിൽ വീഴുന്ന അവസ്ഥയാണ്.
തിരക്കുണ്ടെങ്കിൽ ₹600
മറ്റ് ദിവസങ്ങളിൽ₹400
പെർമിറ്റ് കോൺട്രാക്ട് കാരിയേജ്
സ്റ്റേജ് കാരിയേജ് പെർമിറ്റുള്ളവയ്ക്ക് മാത്രമെ കൃത്യമായ സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ എടുത്ത് യാത്ര ചെയ്യാവുവെന്നാണ് നിയമം.എന്നാൽ ആഡംബരബസുകളിൽ ബഹുഭൂരിഭാഗവും കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ളവയാണ്. ഇവ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിർത്തിയിട്ട് ആളുകളെ കയറ്റുന്നത് പതിവാണ്. പതിവ് യാത്രക്കാർക്ക് ഇളവ് നൽകുന്ന രീതിയും ഇവർക്കുണ്ട്. സംസ്ഥാനസർക്കാരുകളുടെ നികുതി ഒഴിവാക്കുന്ന വിദ്യയും ഇവർക്കുണ്ട്. മണിപ്പാളിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കർണാടക രജിസ്ട്രേഷനുള്ള ഈ ബസ് അടുത്തിടെ യാത്രികരുമായി കാഞ്ഞങ്ങാട്ട് തകരാറിന്റെ പേരിൽ നിർത്തിയിട്ടിരുന്നു. രണ്ട് മണിക്കൂറിലേറെ നിർത്തിയിട്ടതോടെ എറണാകുളത്ത് നിന്നും മണിപ്പാളിലേക്ക് പോകേണ്ട മറ്റൊരു സർവീസ് കാഞ്ഞങ്ങാട്ടെത്തി. പിന്നാലെ ഇരു ബസുകളിലെയും യാത്രക്കാരെയും പരസ്പരം മാറ്റി. ഇതോടെയാണ് യന്ത്ര തകരാർ വ്യാജമെന്ന് ബോദ്ധ്യമായത്. കർണാടകയിൽ പ്രവേശിക്കാൻ അധിക നികുതി നൽകേണ്ടത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം.