കാസർകോട്: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നതിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ആശങ്കയും പ്രതീക്ഷകളും പങ്കുവയ്‌ക്കുമ്പോൾ കാസർകോട്ട് പോളിംഗ് 90 ശതമാനം കവിഞ്ഞ ബൂത്തുകൾ ഇടതിന് തുണയാകുമെന്ന് ഉറപ്പായി. ചെങ്കോട്ടയായ കയ്യൂർ, മുഴക്കോം, പുലിയന്നൂർ, പാലായി, പാക്കം, മണിയറ, കടന്നപ്പള്ളി തുടങ്ങിയ ബൂത്തുകളിൽ പോളിംഗ് 90-ലും അധികമാണ്.

കാസർകോട്ട് 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകൾ 50 എണ്ണമാണ്. ഇതിൽ കാസർകോട് അസംബ്ലി മണ്ഡലത്തിലെ രണ്ടു ബൂത്തുകളൊഴികെ മറ്റെല്ലാം ഇടതു ശക്തികേന്ദ്രങ്ങളിലാണ്. 100 ശതമാനം സി.പി.എം വോട്ടർമാ‌ർ മാത്രമുള്ള ബൂത്തുകളും ഇതിലുണ്ട്. 80 ശതമാനം കടന്ന ബൂത്തുകളുടെ എണ്ണം നാനൂറാണ്. അതിൽ മഹാഭൂരിപക്ഷവും എൽ.ഡി.എഫിന് പ്രതീക്ഷ പുലർത്താവുന്ന മേഖലകളിൽത്തന്നെ.

കഴിഞ്ഞ തവണ മാത്രമല്ല, അതിനു മുമ്പും 90 ശതമാനം കടക്കുന്ന ബൂത്തുകളിൽത്തന്നെയാണ് ഇത്തവണയും ഉയ‌ർന്ന പോളിംഗ് എന്നതിനാൽ ആശങ്ക വേണ്ടെന്ന മട്ടിലാണ് യു.ഡി.എഫിന്റെ നിൽപ്പ്. എന്നാൽ, ലീഗ് ശക്തികേന്ദ്രമായ രണ്ടു ബൂത്തുകളിൽ മാത്രമാണ് പോളിംഗ് 90 കടന്നതെന്ന വസ്‌തുത കാണാതിരിക്കാനും യു.ഡി.എഫിന് കഴിയുന്നില്ല.

കൂടുതൽ ബൂത്തുകളിൽ തങ്ങൾക്കനുകൂലമായി പോളിംഗ് വർദ്ധിച്ചുവെന്നതിനാൽ വിജയം ഉറപ്പെന്ന ആശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രനെങ്കിൽ, വലതു കോട്ടയായ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ മൊത്തം പോളിംഗ് നാലര ശതമാനം കൂടിയതിൽ ആശ്വാസം തിരയുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ.