crime
കാസർകോട് പഴയ എസ്‌.പി ഓഫിസിൽ നിന്ന് കടത്തുന്നതിനിടെ വീണുപോയ ക്രൈം ഫയലുകൾ പൊലീസ് പരിശോധിക്കുന്നു

കാസർകോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ വാതിൽ തകർത്ത് കടത്തിയ ക്രൈം ഫയലുകൾ നശിപ്പിക്കാൻ വച്ചിരുന്നതെന്ന് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡി.സി.ആർ.ബിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം ഉപയോഗ ശൂന്യമായ ഫയലുകളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഫയലുകളിലെ വിവരങ്ങളെല്ലാം നേരത്തെ തന്നെ കംപ്യൂട്ടറിൽ ഫീഡ് ചെയ്തിരുന്നതാണ്.

കെട്ടിടത്തിന്റെ വാതിലുകൾ തകർത്തു കൊണ്ടുപോയതു കൊണ്ടാണ് കേസെടുത്തതെന്ന് ടൗൺ എസ്.ഐ. ബാബിഷ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. തൊട്ടടുത്തുള്ള കെട്ടിടത്തിലെ ജലസേചന വകുപ്പ് ജീവനക്കാരാണ് ഓട്ടോറിക്ഷയിൽ ഫയലുകൾ കടത്തിക്കൊണ്ടു പോകുന്നത് കണ്ടത്. 1999 നും 2002 നും ശേഷം നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.ആർ.ബി അന്വേഷണം നടത്തിയ കേസുകളുടെ ഫയലുകളാണിവ.