കൂത്തുപറമ്പ്: സൈനിക സേവനം അവസാനിപ്പിച്ച യുവാവ് അഞ്ചരക്കണ്ടി പുഴയിൽ ഇറക്കിയ നെയ്തൽ മീൻകൃഷിയിൽ മികച്ച നേട്ടം. പിണറായി പാറപ്രത്തെ പി.എം.ദിനിൻ പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായൊരുക്കിയ കൂട് മത്സ്യകൃഷിയാണ് വൻവിജയമായത്.

വിഷാംശമില്ലാത്ത മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതായിരുന്നു വ്യത്യസ്ഥമായ തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ ദിനിലിന് പ്രേരണയായത്. എട്ടു മാസത്തെ പ്രയത്‌നം കൊണ്ടുതന്നെ തന്റെ ലക്ഷ്യം തെറ്റിയില്ലെന്ന് കാണിച്ചിരിക്കയാണ് അഞ്ച് വർഷത്തിലേറെ രാജ്യത്തിന്റെ അതിർത്തി കാത്ത ദിനിൽ പ്രസാദ്. മലബാർ മേഖലയിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന നെയ്തൽ മീനിനെയാണ് അഞ്ചരക്കണ്ടി പുഴയിലെ പാറപ്രം ഭാഗത്ത് ദിനിൽ വളർത്തിയത്. പുഴയുടെ നടുവിൽ പ്രത്യേക രീതിയിലുള്ള കൂടൊരുക്കിയായിരുന്നു മീനിനെയിട്ടത്. നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സെൻട്രൽമെറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാങ്കേതിക സഹായവും ഈ സംരംഭത്തിന് ലഭിച്ചു.. സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും സഹായിച്ചു.

ഉത്സവഛായയിലാണ് വിളവെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൽ സയന്റിസ്റ്റ് ഡോ: ഇമൽഡ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാൽ , ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.ശ്രീകണ്ഠൻ, പിണറായി എസ്.ഐ. എം.വി.വിഷ്ണു പ്രസാദ്, കൈപ്രത്ത് പ്രസാദൻ, എം.ലീന തുടങ്ങിയവർ സംസാരിച്ചു. വിളവെടുത്ത മത്സ്യം പുഴക്കരയിൽ വച്ച് തന്നെ ആവശ്യക്കാർക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ദിനിൽ പ്രസാദ്.

( പുഴയിൽ നടക്കുന്ന കൂട് മത്സ്യകൃഷി )