കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സി.പി.എമ്മിന് ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കെ.ജി മാരാർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളെ ആട്ടിപ്പായിച്ചതിന്റെ പിന്നിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നുണ്ടായ നിരാശയാണ്. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ നേതാക്കളാണ്. എൽ.ഡി.എഫ് അധികാരത്തിലുള്ള ഒരിടത്തും രണ്ടാംകക്ഷിയെ അംഗീകരിച്ച ചരിത്രമില്ല. എതിരാളികളെ ഇല്ലാതാക്കുന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രം കാലികരാഷ്ട്രീയത്തിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്.
ബി.ജെ.പി കേരളത്തിലെ പല സീറ്റുകളിലും വിജയിച്ചുവരും. വോട്ട് കഴിഞ്ഞതവണത്തേതിനേക്കാൾ ഇരട്ടിയാകും. ഒരുതെറ്റും ചെയ്യാത്ത വിശ്വാസികളെ വേട്ടയാടിയ ശബരിമല തിരഞ്ഞെടുപ്പ് വിഷയമായിട്ടുണ്ട്. കോൺഗ്രസിന്റെ കാപട്യം രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർഥി സി.കെ. പത്മനാഭൻ, സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എ. ദാമോദരൻ, കെ.കെ. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.