തീവ്രവാദികൾ നുഴഞ്ഞു കയറുന്നുണ്ടെന്നും ആരോപണം
കാഞ്ഞങ്ങാട്: പരപ്പ മുണ്ടത്തടത്ത് എല്ലാവിധ ലൈസൻസുകളോടെയും പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്കും ക്രഷറിനുമെതിരെ തീ്വവാദ സ്വഭാവമമുള്ള സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് മാളൂർക്കയം മുണ്ടത്തടം എസ്.ടി കോളനിയിലെ ഊരുകൂട്ടത്തിനോ കോളനിവാസികൾക്കോ ബന്ധമില്ലെന്ന് ഊരുകൂട്ടമൂപ്പൻ എം.കണ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലുമാസം മുമ്പ് തുടങ്ങിയ സമരം ഞങ്ങളുടെ അറിവോടെയല്ല. ആറുവർഷം മുമ്പ് ഊരുകൂട്ടയോഗം ചേർന്ന് കോളനി നിവാസികൾക്ക് പ്രയാസങ്ങളില്ലാത്ത വിധത്തിൽ ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയതാണ്. ഇപ്പോൾ ക്വാറിവരുദ്ധ സമരത്തിലുള്ള രാധാവിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ തീരുമാനം. 2017ൽ ക്വാറിയുടമ ഏഴര ഏക്കർ ഭൂമി വിലയ്ക്കുവാങ്ങി കോളനി റോഡ് ഒഴിവാക്കി ക്വാറിയിലേക്ക് പുതിയ റോഡ് നിർമ്മിച്ചിട്ടുണ്ട്. നൂറോളം കോളനിനിവാസികളുടെ വഴി ക്വാറിയുടമ ഗേറ്റ് വെച്ച് തടഞ്ഞുവെന്ന രാധാ വിജയന്റെ ആരോപണം വസ്തുതകൾക്ക് വിരുദ്ധമാണ്.
രാധാവിജയൻ ഉൾപ്പെടെയുള്ള ഒമ്പത് വീട്ടുകാർക്ക് നടവഴിക്കുപകരം 700 മീറ്റർ ദൂരത്തിൽ പുതിയ റോഡ് നിർമ്മിക്കാൻ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബാലകൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.വി ചന്ദ്രൻ, രാധാ വിജയൻ, ഊരൂകൂട്ടം മുപ്പൻ എന്നിവർ ക്വാറി ഉടമയുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ക്വാറിയുടമ സൗജന്യമായി ഈ റോഡ് പണിതു നൽകാനും സമ്മതിച്ചിരുന്നു.
പ്രതിഭാ നഗർ കുപ്പമാട് റോഡിലേക്കള്ള നടവഴി റോഡാക്കാനുള്ള നീക്കങ്ങൾ നടത്തിയപ്പോഴാണ് രാധാ വിജയൻ കോളനിക്കാർക്ക് റോഡുവേണ്ട ക്രഷർ പൂട്ടണമെന്ന വിചിത്രമായ വാദമുയർത്തി രംഗത്തുവന്നത്. മാതൃകപരമായി പ്രവർത്തിച്ചുവരുന്ന ഊരുകൂട്ടത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്ന വിധത്തിൽ നാലുമാസം മുമ്പ് രാധാ വിജയൻ ക്വാറിക്കെതിരെ പരാതികളയയ്ക്കാൻ തുടങ്ങിയതിലും ദുരൂഹതയുണ്ട്. ഊരുകൂട്ടത്തിന്റെ പേര് മറയാക്കി വ്യക്തിതാൽപര്യ സംരക്ഷണത്തിനായുള്ള നീക്കങ്ങൾ ഇവർ നടത്തുകയാണ്. നാട്ടുകാരുടെയോ കോളനി നിവാസികളുടെയോ പിന്തുണയില്ലാതെയാണ് കഴിഞ്ഞ 20 ന് ക്വാറിയിലേക്ക് മാർച്ച് നടത്തിയത്. ഇതര ജില്ലകളിൽ നിന്നുള്ളവരാണ് സമരത്തിൽ പങ്കെടുത്തത്. സമരം മറയാക്കി തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറി കോളനിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ അധികൃതരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നും ഊരുമൂപ്പൻ അഭ്യർത്ഥിച്ചു. എ.കെ.എസ് ഏരിയാ സെക്രട്ടറി എം.വി രാഘവനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.