മലിന ജലം കെട്ടിനിൽക്കുന്നത് ഭീഷണിയാവുന്നു
കാസർകോട്: നഗരസഭയിലെ 25-ാം വാർഡിൽപ്പെട്ട തളങ്കര ബാങ്കോട് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 12 പേർ ഇപ്പോൾ ചികിത്സയിലാണ്. അധികവും കുട്ടികളാണ് ചികിത്സയിലുള്ളത്.
നഗരത്തിലെയും ക്വാട്ടേഴ്സിലെയും മലിനജലം ഒഴുക്കിവിടുന്ന ഓടയിൽ വെള്ളംകെട്ടിക്കിടന്ന് പരിസര പ്രദേശങ്ങളിലെ കിണറുകളിലേക്ക് ഊർന്നിറങ്ങുന്നുണ്ട്. ഇതുമൂലം ഈ പ്രദേശത്തെ ഏഴോളം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത വിധം മലിനമായിട്ടുണ്ട്.
നഗരത്തിലെ മലിനജലം ചന്ദ്രഗിരി പുഴയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ബാങ്കോട് ജംഗ്ഷൻ വഴി ഓവുചാൽ നിർമ്മിച്ചത്. ഈ ഓവുചാലിനാകട്ടെ സ്ലാബും ഇട്ടിട്ടില്ല. അതുകൊണ്ട് ഈ പ്രദേശത്ത് കൊതുകുകളും പെരുകുന്നുണ്ട്. ക്ലീൻ കേരള ഹരിതകേരളം പദ്ധതിയുമായി സഹകരിച്ച് നഗരസഭ ശുചിത്വമിഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഓടകൾ ശുചീകരിക്കാൻ പോലും നടപടി സ്വീകരിച്ചിട്ടില്ല.
ബാങ്കോട് പുഴ തീരത്തോട് താമസിക്കുന്ന ഫാറുഖ്, ജനു, ജലിസ്, റിഫായി, ഫവാസ്, നൈമ, ഹാതിൽ എന്നിവർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഈ പ്രദേശത്തെ പല കിണറുകളിലെ വെള്ളത്തിനും രുചി വ്യത്യാസമുള്ളതായും ദുർഗന്ധമുള്ളതായും നാട്ടുകാർ പറയുന്നു. ഓവുചാൽ ശുചീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നഗരസഭ ബജറ്റിൽ ഓവുചാലിന്റെ നവീകരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വകുപ്പ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തിരുന്നു.
യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം,
ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
കാസർകോട്: യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ചു കഴുത്തിനു കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശി ഉണ്ണികൃഷ്ണനെ (40) യാണ് ഒരു സംഘം മദ്യലഹരിയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ ഇപ്പോൾ മംഗളുരു ആശുപത്രിയിൽ യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെട്ട ഓട്ടോഡ്രൈവർ ചേരങ്കൈ കടപ്പുറത്തെ ജെയുവിനെ ടൗൺ എസ്.ഐ ഷാജി പട്ടേരിയും സംഘവും കസ്റ്റഡിയിലെടുത്തു.