കൂത്തുപറമ്പ്: കായലോടിനടുത്ത പാച്ചപ്പൊയ്കയിൽ സി.പി.എമ്മിന് അനുകൂലമായി ഓപ്പൺവോട്ട് ചെയ്ത വിരോധത്തിന് മൂന്ന് വീടുകളിലേക്കുള്ള റോഡിൽ മണ്ണിട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി. മുരിക്കോളി മുക്കിലെ സി.ഹമീദ്, കക്കോത്ത് കുമരൻ ,ചെറുവാരി കുമാരൻ ഉൾപ്പെടെയുള്ളവരുടെ വീട്ടിലേക്കുള്ള റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയതായാണ് പരാതി ഉയർന്നത്.
ബുധനാഴ്ച്ച വൈകിട്ടോടെയാണ് പച്ചപ്പൊയ്കക്കടുത്ത സഫ്ദർ ഹാശ്മി ക്ലബ് റോഡിലെ മുരിക്കോളിമുക്കിൽ മൂന്ന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയ നിലയിൽ കണ്ടത്. ടിപ്പർ ലോറി ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച ശേഷം വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത വിധം റോഡിൽ മണ്ണ് ഇറക്കുകയായിരുന്നു . കാൽനടയാത്ര പോലും ഇതോടെ തടസ്സപ്പെട്ടിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് റോഡിൽ അനധികൃതമായി മണ്ണ് ഇറക്കിയതെന്ന് കാണിച്ച് വീട്ടുകാർ പിണറായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് വീടുകളിലേക്ക് നടന്നു പോകാനാവശ്യമായ രീതിയിൽ മണ്ണ് നീക്കം ചെയ്തിരിക്കയാണ്. വിവരമറിഞ്ഞ് സി.പി.എം.പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായി ഹമീദ് ഓപ്പൺ വോട്ട് ചെയ്ത വിരോധമാണ് റോഡിൽ മണ്ണിട്ടതിന് പിന്നിലെന്ന് സി.പി.എം.നേതാക്കൾ പറഞ്ഞു. വീട്ടിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയതിന് അടിയന്തിരമായി നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് ആർ.ഡി.ഒ., മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
പാച്ചപ്പൊയ്കയിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയ റോഡ്)