മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ചെക്ക് ഇൻ സേവനങ്ങളുമായി ബന്ധപ്പെട്ട് കിയാലും ഇൻഡിഗോ വിമാനക്കമ്പനിയും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ വഴി തെളിയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ബാഗേജ് റീകൺസിലിയേഷൻ സിസ്റ്റം (ബി.ആർ.എസ്.) ഉപയോഗിക്കുന്നത് സംബന്ധിച്ച കരാറിൽ ഇൻഡിഗോ ഒപ്പിടാതിരുന്നതാണ് തർക്കത്തിനു കാരണമായത്.

കരാർ ഏതു രീതിയിൽ വേണമെന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം കിയാലും ഇൻഡിഗോയും ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾ മുടങ്ങാത്ത തരത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് യോഗത്തിൽ ധാരണയായത്.
സിറ്റ എന്ന ഏജൻസിയാണ് കണ്ണൂരിൽ പാസഞ്ചർ ചെക്ക് ഇൻ സേവനങ്ങൾ ലഭ്യമാക്കുന്നത്. ബി.ആർ.എസ്. ഉപയോഗിക്കുന്നത് സംബന്ധിച്ച കരാറിൽ 30നകം ഇൻഡിഗോ ഏർപ്പെട്ടില്ലെങ്കിൽ സർവീസുകൾ തുടരാനാകില്ലെന്ന നിലപാട് കിയാൽ സ്വീകരിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ കരാർ ഒപ്പിട്ടാൽ മറ്റു വിമാനത്താവളങ്ങളിലും ഇത് ആവശ്യമായി വരുമെന്ന് കാണിച്ച് ഇൻഡിഗോ വഴങ്ങാൻ തയാറായില്ല.
കേന്ദ്ര ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കിയാൽ എം.ഡി.വി.തുളസീദാസ്, സി.ഒ.ഒ. ഉത്പൽ ബറുവ, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ്, ഇൻഡിഗോ കമ്പനി പ്രതിനിധികൾ, എയർ പോർട്ട് അതോറിറ്റി, ഡി.ജി.സി.എ. പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.