തൃക്കരിപ്പൂർ: കാലിക്കടവ് ഒളവറ മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ രണ്ടാമത് നീട്ടിക്കൊടുത്ത കാലാവധിയും അവസാനിച്ചിട്ടും റോഡ് നിർമ്മാണം പൂർത്തിയായില്ല. പത്തു കിലോമീറ്റർ റോഡിന്റെ ലൈനിംഗ് പ്രവർത്തിയും മാണിയാട്ട്, തെക്കുമ്പാട് ഭാഗങ്ങളിലെ ഡ്രൈനേജ്, റിഫ്ലക്ടർ പിടിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്.

കൂടാതെ നടപ്പാത റോഡിൽ നിന്നും താഴ്ന്നുകിടക്കുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും പൂർത്തിയായിട്ടില്ല. കാലവർഷത്തിന് കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിയിരിക്കെ റോഡുപണി പൂർത്തിയാകാത്തത് ഗതാഗതപ്രശ്നം രൂക്ഷമാക്കും.

മാണിയാട്ടെ അഴുക്കുചാൽ കുറ്റമറ്റ രീതിയിലല്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. തെക്കുമ്പാട്ടെ അഴുക്കുചാലിന്റെ പ്രവർത്തി ആരംഭിച്ചിട്ടേയില്ല. 2018 ഡിസംമ്പറായിരുന്നു ആദ്യ കാലാവധി. പിന്നീടത് 2019 മാർച്ച് വരെ നീട്ടിക്കൊടുക്കുകയാണുണ്ടായത്. നീട്ടിക്കൊടുത്ത കാലാവധി കഴിഞ്ഞിട്ട് മാസം ഒന്നായെങ്കിലും റോഡ് പണി പരിപൂർണമായിട്ടില്ല.

കോൺക്രീറ്റ് പ്രവൃത്തി

അപകട സാധ്യത ഉള്ളതിനാൽ
പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് നടപ്പാത താഴ്ചയുള്ള ഭാഗങ്ങളിൽ, റോഡിന് സമാനമായി ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നത്. എന്നാൽ തങ്കയം മുക്കിന് സമീപത്തെ ഇലക്ട്രിസിറ്റി ഓഫീസ്, ആശുപത്രി, ത്രിവേണി സഹകരണ സ്റ്റോർ, ഔഷധി, ജില്ലാ ബാങ്ക് തുടങ്ങിയ പൊതുജനങ്ങൾ നിത്യേനയെന്നോണം ബന്ധപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ ന
ടപ്പാത കോൺക്രീറ്റ് ചെയ്യാത്തത് ദുരിതമാകുന്നു.

പഴയ റോഡ് പൊളിച്ച് അവശിഷ്ടങ്ങൾ റോഡരികിലിട്ടതിനാൽ മുതിർന്ന പൗരന്മാരടക്കമുള്ളവരുടെ കാലിൽ തട്ടി വീഴുന്നത് ഇവിടെ പതിവാണ്. ഇരു ചക്രവാഹനങ്ങളും ഇവിടെ ഇതേ രീതിയിൽ ബാലൻസ് തെറ്റി വീഴാറുണ്ടെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.


ഫോട്ടോ

തൃക്കരിപ്പൂർ ഇലക്ട്രിസിറ്റി ഓഫീസിന് പരിസരത്തെ കോൺക്രീറ്റ് ചെയ്യാത്ത നടപ്പാത.

എടാട്ടുമ്മൽ തോട്ടുമുണ്ട്യക്കാവ് കളിയാട്ടത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കലവറ ഘോഷയാത്ര