kalyanachenda

കണ്ണൂർ: മലബാറിലെ കല്യാണ വീടുകളിലെത്തിയാൽ കാണാൻ ചൊവ്വും ചേലുമുള്ളൊരു ചെണ്ട ഉമ്മറത്തുണ്ടാകും; അതിഥികളെ സ്വീകരിക്കാൻ. തല്ലുകൊള്ളാൻ മാത്രം വിധിക്കപ്പെട്ട ചെണ്ടയല്ലിത്. അടികൊള്ളാതെ പള്ള നിറയെ പണം വാങ്ങാനുള്ള ചെണ്ട. കല്യാണച്ചെണ്ട എന്ന് വിളിപ്പേര്. വിവാഹത്തിന്റെ തലേന്നാണ് ഇത് ‌പ്രത്യക്ഷപ്പെടുക. ക്ഷേത്ര ഭണ്ഡാരം പോലെ മുകളിൽ ചെറിയ ഒരു കീറുണ്ടാവും. തൊട്ടടുത്ത് കവറും പേനയും. വിവാഹത്തിനെത്തുന്നവർക്ക്‌ കവറിൽ പേരെഴുതി ഇഷ്ടമുള്ള തുക അതിലൂടെ നിക്ഷേപിക്കാം. കോഴിക്കോട്, ​വടകര, ​കൊയിലാണ്ടി ഭാഗങ്ങളിലാണ്‌ കല്യാണച്ചെണ്ടകൾ പതിവായിരിക്കുന്നത്. ചെറുക്കന്റെയെന്നോ പെണ്ണിന്റെയെന്നോ ഭേദമില്ല. സമീപകാലത്താണ് ഇത് കാണാൻ തുടങ്ങിയത്. ഗൃഹപ്രവേശ ചടങ്ങുകളിലും ഇപ്പോൾ ചെണ്ട സ്ഥാനം പിടിച്ചിട്ടുണ്ട്. കല്യാണസാമഗ്രികൾ വാടകയ്ക്കു നൽകുന്നവരാണ് ഇതും കൊണ്ടുവരുന്നത്. പണം തുറന്നെടുക്കാൻ അടിഭാഗത്ത് ലോക്കുണ്ടാവും.

വടകര ഭാഗങ്ങളിൽ ഒരു കാലത്ത് നിലനിന്നിരുന്ന പണം പയറ്റിന്റെ പുതിയ മാതൃകയാണ് കല്യാണച്ചെണ്ട. വിവാഹത്തിനു മാത്രമല്ല സാമ്പത്തികമായി എന്തെങ്കിലും ആവശ്യം വരുമ്പോഴും പണം പയറ്റ് നടത്തുകയെന്നത് വടകരക്കാരുടെ ജീവിതരീതിയായിരുന്നു. ഇതു വീട്ടിൽത്തന്നെ നടത്തണമെന്നുമില്ല. ഏതെങ്കിലും ചായക്കടയുടെ പുറത്ത് ഒരു ചെറിയ അറിയിപ്പും വച്ച് പണമിടുന്നവർക്ക്‌ ചായയും പലഹാരവും കൊടുത്തുവിടുന്നതാണ് പണം പയറ്റ്. പണം നിക്ഷേപിക്കുന്നവർക്ക് ഒരാവശ്യം വന്നാൽ നൽകുന്ന തുകയുടെ ഇരട്ടിയെങ്കിലും പണം പയറ്റ് നടത്തുന്നയാൾ തിരിച്ചു നൽകണമെന്നാണ് വ്യവസ്ഥ.

ഈ സമ്പ്രദായം മാറിയതോടെയാണ്‌ ചെണ്ട കൊട്ടിക്കയറി വന്നത്. ചെണ്ട വച്ച് അഞ്ച് ലക്ഷം വരെ വരുമാനം നേടിയവരും വടകര ഭാഗങ്ങളിൽ നിരവധിയുണ്ട്. ചെണ്ട കണ്ടാൽ ആരും മുഖം തിരിക്കില്ല. കവർ ഇട്ടേ മടങ്ങൂ.

ചെണ്ട കാത്തത് എന്റെ ജീവൻ

കടം കയറിയ ജീവിതമായിരുന്നു. അതിനിടയിലാണ് മകളുടെ വിവാഹം. കൈയിൽ ഒരു നയാ പൈസയില്ലായിരുന്നു. കല്യാണത്തിന് ചെണ്ട വന്നതോടെ ഒന്നര ലക്ഷം രൂപ പിരിഞ്ഞു കിട്ടി. ഒരുവിധം കടം തീർക്കാനായി. വടകര സ്വദേശിയായ ഒരു ഗൃഹനാഥൻ വെളിപ്പെടുത്തിയതിങ്ങനെ.