കാസർകോട് ജില്ലയിലെ കയ്യൂർഗ്രാമം കർഷക സമര ചരിത്രത്തിലെ ചിരസ്മരണയാണ്. കർഷകസമരങ്ങളുടെ കനൽ വഴികൾ നിറഞ്ഞ പോരാട്ടത്തിനപ്പുറം മറ്റൊരു ബഹുമതി കൂടി ഈ ഗ്രാമം സ്വന്തമാക്കിയിരിക്കയാണ്. ജീവൻ നിലനിറുത്താനുള്ള പോരാട്ടങ്ങളിലൂടെ അടയാളപ്പെടുത്തിയ അംഗീകാരമാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് കയ്യൂരിലെ കുടുംബാരോഗ്യ കേന്ദ്രമാണ്. 99 പോയിന്റുമായി മികച്ച നേട്ടം കൈവരിച്ചപ്പോൾ തേജസ്വിനിയുടെ തീരത്തെ ഈ കൊച്ചുഗ്രാമം ആഹ്ളാദ നിറവിലാണ്. കേരളത്തിലെ തന്നെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്റെ അംഗീകാരം നേടാൻ കഴിഞ്ഞെങ്കിലും കയ്യൂർ ആരോഗ്യകേന്ദ്രത്തിന് മികച്ച പോയിന്റ് സ്വന്തമാക്കാനായത് ജീവനക്കാരുടെ അർപ്പണ ബോധവും അത്യദ്ധ്വാനവും കൊണ്ടാണ്.
പിറന്നു വീണത് മുതൽ ദുരിതംപേറി കഴിയേണ്ടി വന്ന എൻഡോസൾഫാൻ ഇരകളുടെ നോവും നിലവിളികളും കയ്യൂരിന് പുതുമയുള്ള കാഴ്ചയായിരുന്നു. മഹാദുരിതങ്ങളുടെ തീരാക്കാഴ്ചകളിൽ ആശ്വാസതീരമായി കയ്യൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ മാറ്റിയെടുക്കാനാണ് അധികൃതരും ജീവനക്കാരും ശ്രമിച്ചിരുന്നത്. രോഗം വന്നാൽ കിലോമീറ്ററുകൾ താണ്ടി കാസർകോട്ടും മംഗലാപുരത്തും പോയിരുന്ന കാലം ഓർക്കാൻ പോലും പാടില്ലെന്ന നിർബന്ധം ഇവർക്കുണ്ടായിരുന്നു. എല്ലാ ചികിത്സയും വിളിപ്പുറത്ത് എത്തിക്കാനുള്ള അവരുടെ മത്സരം ഒടുവിൽ ലക്ഷ്യം കണ്ടു. സാധാരണ റൂറൽ ഡിസ്പെൻസറിയായിരുന്ന ഈ ആശുപത്രി പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായും കുടുംബാരോഗ്യ കേന്ദ്രമായും മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ഒ. പി, ലാബ്, ദേശീയ ആരോഗ്യപരിപാടി, പൊതുഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, പ്രതിരോധ പ്രവർത്തനം, ശുചിത്വം, രോഗീസൗഹൃദം തുടങ്ങി 3500 പോയിന്റുകൾ വിലയിരുത്തിയാണ് കയ്യൂരിന് ഈ അംഗീകാരം നേടാനായത്. ഇതിന് മുമ്പു വരെ 98 പോയിന്റ് നേടിയ വയനാട് ജില്ലയിലെ നൂൽപ്പുഴ ആരോഗ്യകേന്ദ്രമായിരുന്നു ഇന്ത്യയിലെ മികച്ച കുടുംബാരോഗ്യകേന്ദ്രമായത്. എന്നാൽ ഒരു പോയിന്റ് കൂടി കടന്നാണ് കയ്യൂർ ഈ അപൂർവ ബഹുമതി സ്വന്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ കായകൽപ്പം അവാർഡ് നിർണയത്തിൽ കഴിഞ്ഞ വർഷം ഒന്നാംസ്ഥാനം കയ്യൂരിനായിരുന്നു.
മറ്റു വൻകിട ആശുപത്രികളോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത. മികച്ച ഫാർമസി, നൂതനമായ ലാബ്, ഫിസിയോതെറാപ്പി, ഒ.പി ചികിത്സ, ജൈവകൃഷി,റീഡിംഗ് റൂം, മികച്ച പാലിയേറ്റീവ് പരിചരണം എന്നിവ കയ്യൂരിനു മാത്രമുള്ളതാണ്. രോഗനിരീക്ഷണത്തിനു പുറമെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം, മഴവെള്ള സംഭരണി, സോളാർ പവർ, രോഗികൾക്ക് ആവശ്യമായ വിശ്രമസ്ഥലം, ഹെർബൽ ഗാർഡൻ എന്നിവയൊക്കെ കണ്ടാൽ ഒരു മെഡിക്കൽ കോളേജാണെന്ന് ചിലപ്പോൾ തോന്നിയേക്കാം.
കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയതലത്തിൽ മികവിന്റെ ഉന്നതിയിൽ എത്തിക്കുന്നതിന് ജനപ്രതിനിധികൾ, പഞ്ചായത്ത് ഭരണസമിതി , ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്. ഒരു മെഡിക്കൽ ഓഫീസർ ഉൾപ്പടെ മൂന്നു ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഒരു ദിവസം നൂറ്റമ്പതോളം രോഗികൾ ഇവിടെയെത്തുന്നുണ്ട്. രോഗവുമായി വരുന്നവർ പൂർണാരോഗ്യത്തോടെയും തികഞ്ഞ സംതൃപ്തിയോടെയും പടിയിറങ്ങുമ്പോൾ കയ്യൂർ എന്ന ഗ്രാമം അതിജീവനത്തിന്റെ ചുരുക്കപ്പേരായി മാറുന്നു.
പൂർണമായും രോഗീ സൗഹൃദം
പൂർണമായും രോഗീസൗഹൃദം എന്ന ആശയം ഉൾക്കൊണ്ടാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. 3500 പോയിന്റുകളും മുന്നൂറോളം പ്രധാന മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് ഈ അംഗീകാരം ലഭിക്കുന്നത്. ആശുപത്രിയുടെ മരുന്ന് മണക്കുന്ന ഇടനാഴികളുടെ സാന്നിദ്ധ്യത്തിനപ്പുറം ഒരു വീടിന്റെ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അമ്പതോളം വരുന്ന ജീവനക്കാരുടെ കൂട്ടായ്മയും സ്നേഹവും സഹകരണവും നേട്ടത്തിനു പിന്നിലുണ്ട്. 34 സ്ഥിരം ജീവനക്കാർ, 100 കരാർ ജീവനക്കാർ, 3 ഡോക്ടർമാർ, 15 ഫീൽഡ് സ്റ്റാഫ് .
ഡോ. പി. വി. അരുൺ
മെഡിക്കൽ ഓഫീസർ ഇൻ ചാർജ്