കാസർകോട്: പരിഷ്കാരങ്ങൾ വി​നയാകുമ്പോഴും ബി​. എസ്. എൻ. എലി​നെ കരകയറ്റാൻ ജീവനക്കാരുടെ അശ്രാന്ത പരി​ശ്രമം.30 ശതമാനം ജീവനക്കാരെ കുറയ്‌ക്കാനുള്ള നീക്കം സജീവമാക്കുമ്പോഴാണ് സ്ഥാപനത്തെ രക്ഷി​ക്കാൻ ജീവനക്കാർ ഒന്നടങ്കം രംഗത്തിറങ്ങുന്നത്. ഇതിന്റെ മുന്നോടിയായി ഇന്നു മുതൽ 27 മുതൽ മേയ് നാലു വരെ കാഞ്ഞങ്ങാട്ട് ബി.എസ്.എൻ.എൽ മഹോത്സവം സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയതോടെ ബി.എസ്.എൻ.എൽ ജീവനക്കാർ ആധിയിലാണ്.
ബി.എസ്.എൻ.എലിന്റെ ചിറകരിഞ്ഞ് സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഓഹരി സ്വകാര്യമേഖലയ്‌ക്ക് വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ജീവനക്കാരുടെ എണ്ണം നാലിലൊന്നായി കുറയ്ക്കണമെന്നും വിരമിക്കൽ പ്രായം 58 വയസ് ആക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആവശ്യം ഡാറ്റാ സേവനമാണ്. ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും 4ജി, എഫ്.ടി.ടി.എച്ച് എന്നിവയും അനുവദിച്ചാൽ രാജ്യത്തെ വമ്പൻ വിവരവിനിമയ സ്ഥാപനമായി ബി.എസ്.എൻ.എൽ മാറും. എന്നാൽ റിലയൻസിനാണ് 4ജി അനുവദിച്ചത്.
ബി.എസ്.എൻ.എലിന്റെ 25 ശതമാനം ഓഹരി റിലയൻസിന് കൈമാറാനാണ് ശ്രമം. 'സ്ട്രാറ്റജിക് പാർട്ണർ' എന്ന ഓമനപ്പേരിലാണ് ഈ കൈമാറ്റപദ്ധതിയെ കേന്ദ്രം വിശേഷിപ്പിക്കുന്നത്. ഇത് റിലയൻസ് ബി.എസ്.എൻ.എലിനെ വിഴുങ്ങുന്ന സാഹചര്യം സൃഷ്ടിക്കും. അഞ്ച് ലക്ഷം കോടിയുടെ ആസ്തിയുള്ള ബി.എസ്.എൻ.എലിന് എട്ട് ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയുണ്ട്. എഴുപതിനായിരത്തിലധികം ടവറുകളും രാജ്യത്തെ കണ്ണായ കേന്ദ്രങ്ങളിൽ ഭൂമിയുമുണ്ട്. ഇതെല്ലാം റിലയൻസിന് അധീനപ്പെടുകയും ഡാറ്റ സേവനത്തിന് പെട്രോളിയം കമ്പനികളുടെ മാതൃകയിൽ അവർ നിശ്ചയിക്കുന്ന താരിഫ് ഈടാക്കുകയും ചെയ്യും. മുമ്പ് വി.എസ്.എസ്.എൻ.എൽ എന്ന പൊതുമേഖലാ കമ്പനിയുടെ 24 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയിരുന്നു. ഇപ്പോൾ ഇത് ടാറ്റ ടെലികമ്യൂണിക്കേഷൻ എന്ന സ്വകാര്യ കുത്തക കമ്പനിയായാണ് പ്രവർത്തിക്കുന്നത്. 4.75 ലക്ഷം കോടിയുടെ ബാങ്ക് വായ്പാ ബാധ്യതയുള്ള കമ്പനിയാണ് റിലയൻസ് ജിയോ. എയർടെലിന് 5.75 ലക്ഷം കോടിയും ഐഡിയ, വോഡഫോൺ എന്നിവയ്ക്ക് 2.25 ലക്ഷം കോടിയും ബാധ്യതയുണ്ട്. ബി.എസ്.എൻ.എലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിക്ഷേപിച്ച 40000 കോടി രൂപ കേന്ദ്രം വകമാറ്റിയിരുന്നു. 3ജിയിൽ ഒതുങ്ങേണ്ടി വന്നെങ്കിലും സ്വകാര്യ കുത്തകകൾക്ക് ഭീഷണിയാണ് ബിഎസ്എൻഎലിന്റെ വിശ്വാസ്യത.

മഹോത്സവത്തിൽ ദേശീയപ്രസ്ഥാനത്തിന്റെയും ആധുനിക ഇന്ത്യയുടെയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ. ബി. ആർ. അംബേദ്കർ എന്നിവരുടെയും ആശയങ്ങൾ കേന്ദ്രീകരിക്കുന്ന സെമിനാറുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകസമിതി ജനറൽ കൺവീനർ രവീന്ദ്രൻ കൊടക്കാട് പറഞ്ഞു.