മാഹി :ഭരണസമിതിയുടെ കാലാവധി അവസാനിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും മാഹിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനകളൊന്നുമില്ല. 15 വാർഡുകൾ പത്തായി കുറച്ച് പുനർനിർണയം നടത്തിയതാണ് ആകെയുണ്ടായ പുരോഗതി.

മാഹിയിൽ ചെയർമാനെ വോട്ടർ നേരിട്ടാണ് തെരഞ്ഞെടുക്കുന്നതാണ് രീതി. ഒരേ സമയം വാർഡ് മെമ്പറേയും, ചെയർമാനെയും തെരഞ്ഞെടുക്കാൻ രണ്ട് വോട്ടുകളുണ്ടായിരിക്കും. പഞ്ചായത്തീരാജ് നഗരപാലികാ നിയമം ഇനിയും സമ്പൂർണമായി പുതുച്ചേരി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. പരിമിതമായ അധികാരം മാത്രമാണ് ഇപ്പോഴും നഗരസഭക്കുള്ളൂ. ഉദ്യോഗസ്ഥ ഭരണത്തിൽ വികസനപ്രവർത്തനങ്ങളാകെ മരവിച്ച് അവസ്ഥയാണിവിടെ.

ഫ്രഞ്ച് വാഴ്ചക്കാലത്തു തന്നെ മാഹിയിൽ നഗരസഭ രൂപപ്പെട്ടിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭയാണിത്. ഒരു അസംബ്ലി മണ്ഡലമാകെ നിറഞ്ഞു നിൽക്കുന്ന ഈ നഗരസഭ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ്.അധികാര വികേന്ദ്രീകരണവും ജനാധിപത്യാവകാശങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുന്ന കാലത്തും മയ്യഴിക്കാർക്ക് ഇതൊക്കെ വെറും സ്വപ്നം മാത്രം. മാഹിയുടെ ചുറ്റമുള്ള കേരളത്തിൽ ജനകീയാസൂത്രണവും മറ്റും വിപ്ലവകരമായ മാറ്റങ്ങൾക്ക് നിദാനമാകുമ്പോൾ കോടികളുടെ വരുമാനമുണ്ടായിട്ടും നഗരസഭയ്ക്ക് ജനകീയ പങ്കാളിത്തമില്ലെന്നതാണ് ശ്രദ്ധേയം.
പുറമെ നിന്ന് നോക്കുമ്പോൾ സുന്ദരമായ ഈ പ്രദേശം ആസൂത്രണവൈകല്യം കൊണ്ട് വികസനത്തിൽ പിന്നാക്കം പോകുകാണിപ്പോൾ.

സുപ്രിംകോടതി പറഞ്ഞു;തിരഞ്ഞെടുപ്പ് നടന്നു
ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങുന്ന ഈ പ്രദേശത്ത് 45,000 ജനങ്ങളാണ് അധിവസിക്കുന്നത്.1968ന് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിലൂടെ 2006ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത് .2011ൽ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. കേരളത്തിൽ പഞ്ചായത്ത്,നഗരസഭ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുകയും വികസനപ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും ഗ്രാമസഭയും നേതൃത്വം നൽകുകയും ചെയ്യുമ്പോൾ മാഹിയിൽ ഉദ്യോഗസ്ഥരാണ് എല്ലാറ്റിനും .

എണ്ണത്തിൽ കുറഞ്ഞ് ജീവനക്കാർ
മാഹി മുൻസിപ്പാലിറ്റിയുടെ ജീവനക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദശകങ്ങളായി പുതിയ നിയമനങ്ങളില്ല. പകുതിയോളം പേർ ഡെപ്യൂട്ടേഷനിലാണ്. സൗകര്യങ്ങൾ ആവശ്യത്തിലേറെയുണ്ട്.മയ്യഴി മുൻസിപ്പാലിറ്റിയുടെ കുത്തഴിഞ്ഞ രീതിയിൽ ആർക്കും പരിഭവവും പരാതിയുമില്ല. മാഹി മുനിസിപ്പാലിറ്റിയിൽ നിയമനം ലഭിച്ചവർക്കാകട്ടെ കുടികിടപ്പ് ലഭിച്ചത് പോലെയാണ്.റിട്ടയർമെന്റ് ചെയ്യുന്നതും ഇതേ സ്ഥാപനത്തിൽ വെച്ചായിരിക്കും.കൃത്യമായി നികുതി പിരിക്കുന്നില്ലെന്നുപോലും പരാതി നിലനിൽക്കുകയാണ്.

പ്രശ്നങ്ങൾ അനവധി

1 മാലിന്യസംസ്കരണം കൃത്യമായി നടക്കുന്നില്ല

2.മയ്യഴിപ്പുഴ വൻമലിനീകരണഭീഷണിയിൽ

3.ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ല

4.മദ്യ,​പെട്രോളിയം ഉത്പന്ന വിൽപന വഴി ലഭിക്കുന്ന തുകയുടെ ആനുപാതികവിഹിതം ലഭിക്കുന്നില്ല

5.ഓവുചാലുകൾ തകർന്നു

6.തെരുവുവിളക്കുകൾ പുനസ്ഥാപിക്കുന്നില്ല

7.വികസനപദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നില്ല