മട്ടന്നൂർ(കണ്ണൂർ): ആലപ്പുഴ മാരാരിക്കുളത്തിന് സമീപം വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കണ്ണൂർ മട്ടന്നൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയുണ്ടായ . അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു.
മട്ടന്നൂർ തെരൂരിലെ ബിപി നാലയത്തിൽ വി.കെ.ബിനീഷ് (29), ബന്ധുക്കളായ ചാവശേരി പറമ്പിലെ പ്രയാഗത്തിൽ തുല്ലങ്കോട് പറമ്പിൽ ഒ.പ്രസന്ന (48), ചാവശേരി കുറുങ്കളത്തെ വിജയകുമാർ (30) എന്നിവരാണ് മരിച്ചത്. ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് സംഘം വരികയായിരുന്ന ടെമ്പോ ട്രാവലറിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ട്രാവലറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ട്രാവലറിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രവീന്ദ്രൻ ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ബിനീഷ്. സഹോദരി: ബിപിന. പുരുഷോത്തമനാണ് മരിച്ച പ്രസന്നയുടെ ഭർത്താവ്. മക്കൾ: പ്രയാഗ, പ്രജിത്ത്. മരുമകൻ: ജ്യോതിഷ്. രമ്യയാണ് മരിച്ച വിജയകുമാറിന്റെ ഭാര്യ. മക്കൾ: വിഷ്ണു ദത്ത്, വിഷ്ണുപ്രിയ.