കയ്യൂർ: സംസ്ഥാന സർക്കാരിന്റെ കായകൽപം അവാർഡ് കരസ്ഥമാക്കിയതിന് പിന്നാലെ വീണ്ടും അംഗീകാരത്തിന്റെ പൊൻതിളക്കവുമായി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനിൽ 99 ശതമാനം മാർക്കോടെ രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രോഗീ സൗഹൃദവും സ്വകാര്യാശുപത്രികളോട് കിടപിടിക്കുന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. പത്ത് പേർക്ക് ചികിത്സ ലഭ്യമാക്കാവുന്ന തരത്തിൽ ആധുനിക രീതിയിലാണ് ഒബ്സർവേഷൻ റൂം സജ്ജീകരിച്ചിരിക്കുന്നത്.
മികച്ച ഫാർമസി, നൂതനമായ ലാബ് സൗകര്യം, ഫിസിയോ തെറാപ്പി, ഒ.പി ചികിത്സ, മെച്ചപ്പെട്ട നിരീക്ഷണ മുറികൾ, ശിശു സൗഹൃദ രോഗപ്രതിരോധ കുത്തിവയ്പ്പ് മുറി, മികച്ച പാലിയേറ്റീവ് പരിചരണം തുടങ്ങിയവയും പ്രധാന നേട്ടങ്ങളാണ്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രോഗനിരീക്ഷണം, ദേശീയ ആരോഗ്യ പരിപാടികൾ തുടങ്ങിയവ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് ഡോക്ടർമാർ, നാല് നഴ്സുമാർ, സ്ത്രീ പുരുഷ വിഭാഗത്തിൽ നിന്നായി ഓരോ ഹെൽത്ത് ഇൻസ്‌പെകടർമാർ ഇവരുടെ കീഴിൽ 13 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, രണ്ട് ഫാർമസിസ്റ്റ്, ഒരു ലാബ് അസിസ്റ്റന്റ്, കൂടാതെ പത്തോളം കരാർ ജീവനക്കാർ എന്നിങ്ങനെ 45 ഓളം ജീവനക്കാരാണ് ഈ ആരോഗ്യകേന്ദ്രത്തിനെ ദേശീയ നേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.
1971ൽ റൂറൽ ഡിസ്‌പെൻസറിയായി ആരംഭിച്ച സ്ഥാപനം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായും 2017 ഡിസംബറിൽ കുടുംബാരോഗ്യ കേന്ദ്രവുമായും ഉയർത്തപ്പെട്ടു. എൻഡോസൾഫാൻ പാക്കേജിൽ കേന്ദ്രത്തിന് മികച്ച കെട്ടിട സൗകര്യം ലഭിച്ചു.